കാഞ്ഞങ്ങാട്: കണ്ണൂർ,​ കാസർകോട് ജില്ലകളിൽ ആവശ്യത്തിന് ശുദ്ധമായ മാംസം എത്തിക്കുന്നതിനായി കാഞ്ഞങ്ങാട്ട് തുടങ്ങാനിരുന്ന 40 കോടിയുടെ മാംസ സംസ്‌കരണ പദ്ധതി നഷ്ടമാകുന്നു.

2000-2005 വർഷത്തിൽ ആവിക്കരയിൽ ആധുനിക രീതിയിലുള്ള മാംസ സംസ്‌കരണ പദ്ധതിക്കായി ഭൂമി വാങ്ങിയിരുന്നു. അന്നത്തെ ചെയർപേഴ്‌സൺ പരേതയായ ഷെരീഫ ഇബ്രാഹിം പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. ഇതിനിടയിൽ വിജിലൻസ് അന്വേഷണം വരികയും പദ്ധതി അനിശ്ചിതത്വത്തിലാവുകയുമായിരുന്നു. നിലവിലുള്ള ഭരണസമിതിയാണ് വീണ്ടും ആവിക്കരയിൽ മാംസസംസ്‌കരണ പദ്ധതിക്ക് ആലോചന നടത്തിയത്.

വയനാട് സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന മാംസ സംസ്‌കരണ ഫാക്ടറിയുടെ മാതൃകയിലാണ് കാഞ്ഞങ്ങാട്ട് സ്ഥാപിക്കാൻ ശ്രമം നടത്തിയത്. എന്നാൽ പരിസരവാസികൾ ഇതിനെതിരേ ശക്തമായ നിലപാടെടുത്തതോടെയാണ് പദ്ധതി നഷ്ടപ്പെടുന്ന സ്ഥിതി ഉടലെടുത്തത്.

മാംസ സംസ്‌കരണ ഫാക്ടറിയിൽ നിന്നുള്ള മാലിന്യം തങ്ങളുടെ ജീവന് ഭീഷണിയാകുമെന്നാണ് പരിസരവാസികളുടെ ആരോപണം. എന്നാൽ സുൽത്താൻ ബത്തേരിയിലെ ഫാക്ടറി പ്രവർത്തനം കണ്ട് മനസ്സിലാക്കാൻ നാട്ടുകാരെ ക്ഷണിച്ചെങ്കിലും നാട്ടുകാർ അതിനു തയ്യാറായില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ പദ്ധതി നഷ്ടപ്പെടുകയല്ലാതെ നിർവ്വാഹമില്ലെന്നും ചെയർമാൻ വി.വി. രമേശൻ വ്യക്തമാക്കി.

മൃഗഡോക്ടറുടെ പരിശോധന

നിലവിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് ആടുമാടുകളെ അറുത്ത് മാംസം മാർക്കറ്റിലെത്തിക്കുന്നത്. വിശേഷ ദിവസങ്ങളിൽ വീടുകളിൽ വരെ അറുക്കൽ നടക്കാറുണ്ട്. ആടുമാടുകളെ അറുക്കുന്നതിനു മുമ്പ് മൃഗഡോക്ടർ പരിശോധിക്കേണ്ടതാണ്. അദ്ദേഹം പതിക്കുന്ന സീൽ മൃഗത്തിന്റെ ഇറച്ചിയിൽ വരെ പതിയണമെന്നാണ് ചട്ടം. എന്നാൽ അതൊന്നും എവിടെയും പാലിക്കപ്പെടാറില്ല.

ട്രഞ്ചിംഗ് ഗ്രൗണ്ടിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച കാഞ്ഞങ്ങാട്ട് മത്സ്യ മാർക്കറ്റ് ഹൈടെക്കാണ്. ശുചിത്വത്തിനാണ് നഗരസഭ മുൻതൂക്കം നൽകുന്നത്. ഏത് പദ്ധതിയും അതുകൊണ്ടു തന്നെ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചുകൊണ്ടുമാണ് നടപ്പിലാക്കുന്നത്. മാംസ സംസ്‌കരണ പദ്ധതിയും ഒരുതരത്തിലും ജനങ്ങൾക്ക് മാലിന്യ പ്രശ്‌നം ഉണ്ടാക്കുന്നതല്ല.

വി.വി. രമേശൻ

നഗരസഭാ ചെയർമാൻ