കണ്ണൂർ: ഭവന നിർമ്മാണ ബോർഡ് അനുവദിച്ച വായ്പാ ഇളവിന് ശേഷമുള്ള കുടിശ്ശിക മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ഭവന നിർമ്മാണ വായ്പ കുടിശ്ശിക നിവാരണ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭവന നിർമ്മാണ വായ്പ കുടിശ്ശികയുള്ള ആളുകളുടെ വ്യക്തമായ വിവരങ്ങൾ വകുപ്പ് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ഇളവ് അനുവദിക്കുന്നത്. പരമാവധി ആനുകൂല്യങ്ങൾ അദാലത്തിൽ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ അദാലത്തിൽ നിർദേശിക്കുന്ന തുക മൂന്ന് മാസത്തിനുള്ളിൽ ഗഡുക്കളായോ അല്ലാതെയോ അടച്ചുതീർക്കണമെന്നും മന്ത്രി നിർദേശിച്ചു.
നിശ്ചിത സമയ പരിധിക്ക് ശേഷം ഒരു വിട്ടുവീഴ്ചയും ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികൾ വായ്പ തുക തിരിച്ചടക്കാത്തതിനാൽ ബോർഡ് വലിയ പ്രതിസന്ധിയിലാണ്. 20 വർഷമായി വായ്പകൾ നൽകുന്നില്ല. ഹഡ്‌കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് ബോർഡ് വ്യക്തികൾക്ക് വായ്പ അനുവദിച്ചിരുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കളക്ടർ ടി വി സുഭാഷ്, എ.ഡി.എം ഇ.പി. മേഴ്‌സി, കോർപ്പറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക്, ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, ഹൗസിഗഗ് കമ്മിഷണർ വി ആർ പ്രേംകുമാർ, ഭവന നിർമ്മാണ ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി എൻ റാണി, ഭവന നിർമ്മാണ ബോർഡ് അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.