darsh

തളിപ്പറമ്പ്: ലിഫ്റ്റ് നിർമ്മിക്കാനെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ നാലരവയസുകാരന് ദാരുണാന്ത്യം. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകനായ തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി. രഘുനാഥിന്റെയും കണ്ണൂർ യൂണിവേഴ്‌സിറ്റി ജേർണലിസം വിഭാഗം അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപം സ്‌മിതയുടെയും മകൻ ദർശാണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മങ്ങാട്ടുംപറമ്പിലെ കാമ്പസിലായിരുന്നു അപകടം.

സ്കൂൾ അവധിയായതിനാൽ സ്മിത ദർശിനേയും കൂട്ടിയാണ് ഓഫീസിലെത്തിയത്. പുറത്ത് കളിക്കാൻ പോയ കുട്ടി അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് കരുതുന്നത്. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ യു.കെ.ജി വിദ്യാർത്ഥിയാണ്. സഹോദരി കണ്ണൂർ ഉർസുലൈൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ദിയ. കണ്ണപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.