കൂത്തുപറമ്പ്:മാങ്ങാട്ടിടം കരിയിലെ പുത്തൻപുരയിൽ രാജന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മുഖ്യപ്രതിയും രാജന്റെ മകനുമായ അനൂപിനെയാണ് കരിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.ഇന്നലെ ഉച്ചയോടെയായിരുന്നു ക്രൈംബ്രാഞ്ച് സി.ഐ.സുനുകുമാറിന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പ്. ശക്തമായ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ് നടപടികൾ.

വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ മൃതദേഹം കാണപ്പെട്ട കശുമാവിൻ തോട്ടത്തിലെത്തിച്ചും തെളിവെടുത്തു. രാജന്റ മരണം സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് സി.ഐ.സുനുകുമാർ പറഞ്ഞു.2017 ഫെബ്രുവരിയിലാണ് മാങ്ങാട്ടിടം പഞ്ചയത്ത് ഓഫീസിന് സമീപത്തെ പുത്തൻപുരയിൽ രാജനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.തുടർന്ന് ലോക്കൽ പോലീസ് കേസ് അന്വേഷിച്ചെങ്കിലും തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയാണുണ്ടായത്.