കാസർകോട്: കാടകം, പാണൂർ, കർമംതൊടി, അടുക്കത്തൊട്ടി, കൊട്ടംകുഴി, നെയ്യങ്കയം തുടങ്ങിയ മലയോര പ്രദേശങ്ങളിൽ ആനപ്പേടി ഒഴിയുന്നില്ല. കാട്ടാനക്കൂട്ടം ചെറ്റോണി, കൊട്ടംകുഴി, അടുക്കത്തൊട്ടി ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. ആനകൾ കൂട്ടത്തോടെ ഇറങ്ങി കർഷകർക്ക് വൻ നാശനഷ്ടം വരുത്തുമ്പോഴും വനംവകുപ്പ് അധികാരികൾ മുഖംതിരിച്ചു നിൽക്കുകയാണ്.

ആനകളെ ഭയന്ന് മലയോരത്തെ ആളുകൾ പുറത്തിറങ്ങാൻ തന്നെ മടിക്കുകയാണ്. രാത്രിയിലാണ് ആനകളുടെ പരാക്രമം അധികവും. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ അടുക്കത്തൊട്ടി ബാലകൃഷ്ണൻ നായരുടെ കൃഷിയിടത്തിലെത്തിയ ആനക്കൂട്ടം 50 വാഴകൾ നശിപ്പിച്ചു. ബളക്ക ശിവകൃഷ്ണ ഭട്ടിന്റെ കൈതച്ചക്ക കൃഷിയും നശിപ്പിച്ചു. അടുക്കത്തൊട്ടി ദാമോദരൻ നായരുടെ വീടിനരികിൽ വനത്തോടു ചേർന്ന് കൂട്ടമായി നിന്ന ആനകളെ മണിക്കൂറുകൾക്കു ശേഷമാണ് തുരത്താനായത്. നാട്ടുകാർ വെടി പൊട്ടിച്ചും തീ കത്തിച്ചുമാണ് ആനകളെ ഓടിച്ചത്. വനാതിർത്തിയോടു ചേർന്നുള്ള 12 കുടുംബങ്ങൾ പേടിച്ച് പുറത്തിറങ്ങിയില്ല. സന്ധ്യയായാൽ വീടുപൂട്ടി അകത്ത് കഴിയുകയാണ് ഈ പ്രദേശത്തതുള്ളവർ.

കർമംതൊടി ഭാഗത്തെത്തിയ ആനക്കൂട്ടം റോഡ് മുറിച്ചു കടന്ന് ഇരുമ്പ് ഗേറ്റ് തകർത്ത് കെ. ചന്തു നായരുടെ ഉടമസ്ഥയിലുള്ള കൃഷിയിടത്തിൽ കയറി പത്ത് വാഴകളും മൂന്ന് തെങ്ങും നശിപ്പിച്ചു. കെ ഡി രാജന്റെ വീടിനു മുന്നിലെത്തിയപ്പോൾ രോഗിയായ രാജനും അമ്മയും ഓടാൻ പോലുമാകാതെ വീടിനകത്ത് പേടിച്ചിരുന്നു. അയൽവാസികളും നാട്ടുകാരും ചേർന്നാണ് ആനയെ തുരത്തിയത്. നേരത്തെ ഇതിനടുത്ത ജയകുമാറിന്റെ വീടിന് തൊട്ടരികിലെത്തി വാഴകൃഷി നശിപ്പിച്ചിരുന്നു.

കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലെത്തുന്നതു തടയാൻ സൗരോർജ വേലികൾ സഹായകമാണെങ്കിലും പലയിടങ്ങളിലും ഇവയില്ല.

കൈമലർത്തി വനംവകുപ്പ്

ജീവനക്കാർ

വന്യമൃഗ ശല്യം രൂക്ഷമായിട്ടും ചെറുക്കാനും പ്രതിരോധിക്കാനും വനം വകുപ്പ് ജീവനക്കാർ എത്തുന്നില്ല. മൂന്ന് ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടും നടന്നില്ല. നടപ്പായാൽ നിശ്ചിത പ്രദേശങ്ങൾ വിഭജിച്ച് നൽകി കൃത്യമായി നിരീക്ഷിക്കാൻ വനം വകുപ്പിനാകും.15 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ റേഞ്ചിൽ അനുവദിച്ചിട്ടും ഒമ്പതു പേരെയാണ് നിയോഗിച്ചത്. നിലവിൽ അഞ്ചു പേരാണ് സേവനത്തിലുള്ളത്.

ദ്രുതകർമ സേന പേരിനു മാത്രം

സംസ്ഥാന പാതയോട് ചേർന്നുള്ള ജനവാസ മേഖലയാണ് ആനയുടെ വിഹാരകേന്ദ്രം. ആനകളെ തുരത്തുന്ന വനംവകുപ്പിന്റെ ദ്രുതകർമ സേന പേരിനു മാത്രമാണ്. കാസർകോട് റേഞ്ച് പരിധിയിൽ ഒരു ദ്രുതകർമ സേനയാണുള്ളത്. ഒരു പിക്കപ്പ് ജീപ്പും രണ്ട് ഫോറസ്റ്റ് ജീവനക്കാരുമുണ്ട്. ഇവരാണ് കാറഡുക്ക, ബന്തടുക്ക, പരപ്പ തുടങ്ങിയ വലിയ പ്രദേശത്തെ വന്യമൃഗശല്യം തുരത്താൻ ഓടിയെത്തേണ്ടത്. ഡെപ്യൂട്ടി റേഞ്ചർ, മൂന്ന് ഫോറസ്റ്റർ, നാല് ഗാർഡുമാർ, ആറ് വാച്ച്മാൻ, ദിവസവേതനത്തിൽ പ്രദേശത്തെ ആളുകൾ എന്നിവർ ചേർന്നാണ് ദ്രുതകർമ സേന രൂപീകരിക്കേണ്ടത്. എന്നാൽ പേരിന് മാത്രമുള്ള സേനയുടെ പ്രവർത്തനം ജനങ്ങൾക്ക് ലഭ്യമാകുന്നില്ല. നാട്ടുകാരുടെ ശ്രമഫലമായാണ് പലരും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്.