കാസർകോട്: കേരളകർണാടക അതിർത്തിയിലെ വിട്‌ല കന്യാനയിൽ കെട്ടിട നിർമാണത്തിനായി കുന്നിടിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിട്‌ല അലങ്കാറിലെ ബലപ്പനായിക്(56), മാനിലയിലെ പ്രകാശ്(43), വിട്‌ല പദനൂർ കാപ്പുമജലിലെ രമേശ്(50) എന്നിവർ മരണപ്പെട്ട സംഭവത്തിലാണ് അന്വേഷണം. ഗുരുതരമായി പരുക്കേറ്റ മറ്റൊരു തൊഴിലാളി ഉള്ളാൾ കുത്താറിലെ പ്രഭാകർ ദേർലക്കട്ട കെ എസ് ഹെഗ്‌ഡെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് കെട്ടിടനിർമാണത്തിനായി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുന്നിടിച്ച് നിരപ്പാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണ് നീക്കം ചെയ്യുന്ന ജോലിയിലേർപ്പെട്ടവരാണ് അപകടത്തിൽപെട്ടത്. വിവരമറിഞ്ഞെത്തിയ അഗ്‌നിശമനസേന നാട്ടുകാരുടെ സഹായത്തോടെ രണ്ടു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇവർ മരണപ്പെട്ടിരുന്നു. ഇളകിയ വലിയ കല്ല് തലയിൽ വീണാണ് പ്രഭാകറിന് പരുക്കേറ്റത്. പ്രഭാകറിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ വിട്‌ല പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം ദേർലക്കട്ട മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കുന്നിടിക്കൽ അനധികൃതമായതിനാലും തൊഴിലാളികളെക്കൊണ്ട് അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യിച്ചതിനാലും സ്ഥലമുടമയെ കേസിൽ പ്രതിയാക്കുമെന്നാണ് സൂചന.