തൃക്കരിപ്പൂർ: ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സൈക്ലിംഗ് തിരിച്ചുപിടിക്കുകയാണ് കൈക്കോട്ടുകടവിലെ കുട്ടികൾ. പൂക്കോയതങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിലാണ് സ്‌കൂളിൽ സൈക്ലിംഗ് ക്ലബ് രൂപവത്കരിച്ചത്.
പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെട്ട ആരോഗ്യവും ഇതിലൂടെ കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗമാരക്കാരായ കുട്ടികളിൽ അമിതവണ്ണവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈക്ലിംഗിന് പ്രസക്തി ഏറെയാണ്.
കവ്വായി തുരുത്തിലേക്കായിരുന്നു ക്ലബ്ബിന്റെ പ്രഥമയാത്ര. സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 22 കുട്ടികളും അധ്യാപകരുമാണ് റൈഡിൽ പങ്കെടുത്തത്. കുട്ടികൾക്കായി യോഗ, വ്യക്തിത്വ വികസനം എന്നിവയിൽ ക്ലാസുകളും ക്യാമ്പ് ഫയറും സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ ബോട്ടിങ്ങോടെയാണ് ക്യാമ്പ് സമാപിച്ചത്. പ്രധാനാധ്യാപകൻ കെ. രത്‌നാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. പെഡലേർസ് കാസർകോട് എക്സിക്യൂട്ടീവ് അംഗം ടി.എം.സി.ഇബ്രാഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫുട്ബാൾതാരം അബ്ദുറഹിമാൻ, കെ.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ ടി.എം. റാഷിദ്, പി.കെ.പി. മുഹമ്മദ് ഹാഷിം, എം. ഫൈസൽ, സി.എം. ദാവൂദ് എന്നിവർ നേതൃത്വം നൽകി.