കണ്ണൂർ:ജപ്തി നടപടികളുമായി ബാങ്ക് അധികൃതർ എത്തിയാൽ അതിനെ സംഘടിതമായി കർഷകർ എതിർക്കണമെന്ന് തലശ്ശേരി രൂപതയിലെ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് പറഞ്ഞു.തലശ്ശേരി അതിരൂപതയുട ഉത്തരമലബാർ കർഷക പ്രക്ഷോഭവും കർഷക മഹാസംഗമവും കളക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക വായ്പകൾ തിരിച്ചടച്ചില്ലെന്നതിന്റെ പേരിൽ കിടപ്പാടം ജപ്തി ചെയ്യാൻ ബാങ്കുകാരെത്തിയാൽ അവരെ കർഷകർ സംഘടിതമായി തടയണം. കൃഷി നടത്താനാണ് കർഷകർ ബാങ്കിൽ നിന്ന് കടമെടുത്തത്. അത് കൃത്യസമയത്ത് തിരിച്ചടക്കാൻ കഴിയാതെ പോയത് അവരുടെ കുറ്റംകൊണ്ടല്ല. മറിച്ച് വിളകളുടെ വിലത്തകർച്ചയും പ്രളയവുമാണ്. കടത്തിന് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രണ്ടുനാൾക്കകം അതിന്റെ കാലാവധി തീരും.
മക്കളുടെ വിദ്യാഭ്യാസം മുതൽ പെൺമക്കളുടെ വിവാഹം വരെയുള്ള കാര്യങ്ങളിൽ വരെ ഇപ്പോൾ കർഷകർ പകച്ച് നിൽക്കുകയാണ്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം കൃഷിക്കാരന് നൽകണം. അല്ലെങ്കിൽ കർഷകർ തന്നെ അതിന് പരിഹാരം കണ്ടെത്തും.
കണ്ണൂർ രൂപത ബിഷപ്പ് മാർ അലക്‌സ് വടക്കുംതല അദ്ധ്യക്ഷത വഹിച്ചു. കർഷക പ്രക്ഷോഭ സമിതി ചെയർമാൻ മോൺ ജോസഫ് ഒറ്റപ്ലാക്കൽ, ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിയിൽ, ബിഷപ്പ് ജോസഫ് മാർതോമസ്, ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ എന്നിവർ പ്രസംഗിച്ചു.ഹെഡ്‌പോസ്റ്റോഫീസിന് മുന്നിലും കളക്ട്രേറ്റിന് മുന്നിലും ധർണ്ണയും നടത്തി.