കണ്ണൂർ: പാടത്തും പറമ്പിലും വീണടിയുന്ന ചക്ക അത്ര ചില്ലറക്കാരല്ലെന്ന് കണ്ടതാണ് ചുഴലിയിലെ കോറോത്ത് വീട്ടിൽ സുഭാഷിനെ വ്യത്യസ്തനാക്കിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച കയറ്റുമതി കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഇദ്ദേഹത്തിന് നേടിക്കൊടുത്തത് ഈ ചക്കപ്രേമമാണ്.

ചക്ക കൊണ്ട് പലഹാരങ്ങളുണ്ടാക്കുന്നവരിൽ നിന്നു വ്യത്യസ്തനാണ് സുഭാഷ്. ഒന്നരക്കോടി മുടക്കി 2015 ൽ തളിപ്പറമ്പ് നാടുകാണി കിൻഫ്ര പാർക്കിൽ ചക്കയുടെ ശാസ്ത്രനാമമായമായ ആർട്ടോ കാർപ്സ് എന്ന പേരിൽ തുടങ്ങിയ കമ്പനിയാണ് സുഭാഷിനെ ലോകപ്രശസ്തനാക്കിയിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ, വെസ്റ്റിൻഡീസ്ദ്വീപുകൾ ,ദുബായ്, അബുദാബി തുടങ്ങിയവിടങ്ങളിലേക്ക് ചക്ക ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയാണ് ഈ യുവവ്യവസായ സംരംഭകൻ. ഇന്ന് അഞ്ച് കോടിയുടെ വിൽപ്പനയാണ് പ്രതിവർഷം കമ്പനി നടത്തുന്നത്. ഒരു വർഷം 5000 ടൺ ചക്കയാണ് ഇവിടേക്ക് ശേഖരിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ ഡാപാളി കാർഷിക സർവ്വകലാശാലയിൽ നിന്നും ബംഗ്ളൂരു കാർഷിക സർവ്വകലാശാലയിൽ നിന്നുമാണ് ചക്ക സംസ്കരണത്തിന്റെ ബാലപാഠങ്ങൾ സുഭാഷ് വശത്താക്കിയത്.ചക്കയിൽ തുടങ്ങിയ പരീക്ഷണം ഇപ്പോൾ അത്തിപ്പഴത്തിലും സപ്പോട്ടയിലും പരീക്ഷിക്കുന്നുണ്ട് ഈ കമ്പനി. ഒരു കിലോ ചക്കയ്ക്ക് 10 രൂപ മുതൽ 30 രൂപ വരെ നൽകിയാണ് ശേഖരിക്കുന്നത്. ജാക്ക് ഫ്രൂട്ട് പൾപ്പ്, നൈസ്, ക്രഷ് തുടങ്ങി 12 ഇനങ്ങളിലുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്. ഇടിച്ചക്ക കറിയാണ് വിപണി പിടിച്ച മറ്റൊരു ഉത്പന്നം. രണ്ടുവർഷം വരെ ഇടിച്ചക്ക കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ് മറ്റൊരു നേട്ടം. കേരളത്തിന് പുറമെ കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും ചക്ക എത്തിക്കുന്നുണ്ട്. ചക്കവരട്ടി, ചക്ക ഹൽവ എന്നിവയും പ്രധാന വിഭവങ്ങളാണ്.ഒരു ചക്കയിൽ നിന്ന് ശരാശരി നാല് കിലോ വീതം ചുളയും കുരുവും കിട്ടുമെന്നാണ് സുഭാഷിന്റെ കണക്ക്.

കർണാടകയിൽ പ്ളാവ് കൃഷി

വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി കർണാടകയിൽ സ്ഥലം ലീസിനെടുത്ത് പ്ളാവ് കൃഷി ആരംഭിക്കാനുള്ള ശ്രമത്തിലാണിപ്പോൾ സുഭാഷ്. വാക്വം ഫ്രൈഡ് ചിപ്സ് എന്ന സവിശേഷ ഉൽപ്പന്നം പുറത്തിറക്കാനുള്ള ശ്രമവും നടന്നു വരികയാണ്. ചക്കയുള്ള കാലത്തോളം വിസ്മയം സൃഷ്ടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ 37 കാരന്റെ മൂലധനം. വീട്ടുപറമ്പുകളിൽ നിന്ന് ചക്ക പെറുക്കുമ്പോൾ തന്നെ നോക്കി കൊഞ്ഞനംകുത്തിയവർക്കുള്ള മധുരമായ പ്രതികാരവുമാണ് സുഭാഷിന് ഇപ്പോൾ ഈ ബിസിനസ്. തനിക്കൊപ്പം അദ്ധ്വാനിക്കാൻ നാൽപതോളം ജീവനക്കാർ കൂടിയായപ്പോൾ സുഭാഷിന്റെ സാമ്രാജ്യം വിപുലപ്പെടുകയായിരുന്നു.ചുഴലിയിലെ പി.. ഒ നാരായണൻ- സുമതി ദമ്പതികളുടെ മകനാണ്. ഏര്യം വിദ്യാമിത്രം യു..പി സ്കൂൾ അദ്ധ്യാപിക രമ്യയാണ് ഭാര്യ. രണ്ട് മക്കളുമുണ്ട്.