കാഞ്ഞങ്ങാട്: സഹകരണ മേഖല സർവ്വവ്യാപിയായി മാറിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ടൗൺ ഹാളിൽ കേരള ബാങ്ക് രൂപീകരണത്തിന്റെ ജില്ലാതല ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഒന്നാമത്തെ ബാങ്കായി മാറിയ കേരള ബാങ്കിന് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ നിർണ്ണായക സ്വാധീനം ചെലുത്താനാകും. ജില്ലാ ബാങ്കുകൾ ഇല്ലാതായതോടെ കർഷകർക്ക് കുറഞ്ഞ നിരക്കിൽ കാർഷിക വായ്പകൾ ലഭിക്കുമെന്നതാണ് കേരള ബാങ്കിന്റെ ഒരു സവിശേഷത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് അവരുടെ പണം കേരളാബാങ്കിൽ നിക്ഷേപിക്കാൻ കഴിയും വിധമാണ് ഇതിന്റെ രൂപകൽപന. പുതിയ സ്രോതസ്സുകളിൽ നിന്നും പണം എത്തിയാൽ അത് നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കുക. മറ്റ് വാണിജ്യ ബാങ്കുകളുമായി മത്സരിക്കേണ്ടി വരുമ്പോൾ പരാജയപ്പെടാതിരിക്കാനുള്ള വഴികളും ആലോചിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷനായി. നഗരസഭ ചെയർമാൻ വി.വി. രമേശൻ മുഖ്യാതിഥിയായി. എൻ.പി പ്രീജി, എ. അനിൽകുമാർ, കെ.പി വത്സലൻ, സാബു അബ്രഹാം, ടി.വി ബാലകൃഷ്ണൻ, ബി.വി രാജൻ, കെ.വി ഭാസ്‌കരൻ, ബി. സുകുമാരൻ, എം. ജയകുമാർ, കെ. സതീഷ്‌കുമാർ എന്നിവർ സംബന്ധിച്ചു. ജോയിന്റ് രജിസ്ട്രാർ വി. മുഹമ്മദ് നൗഷാദ് സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.