മട്ടന്നൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾക്ക് വർണാഭമായ തുടക്കം. ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ കെ ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി, കിയാൽ മാനേജിംഗ് ഡയറക്ടർ വി തുളസിദാസ്, ദക്ഷിണ വ്യോമസേന കമാൻഡന്റ് എയർ മാർഷൽ അമിത് തിവാരി, കിയാൽ ഡയറക്ടർ ഹസ്സൻ കുഞ്ഞി, മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൺ അനിത വേണു, കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, നഗരസഭ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, ജില്ല പൊലീസ് മേധാവി പ്രതീഷ്‌കുമാർ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, എയർപോർട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ പി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

വാർഷികത്തിന്റെ ഭാഗമായി അനാഥാലയത്തിലെ കുട്ടികൾക്കായി ഒരുക്കിയ വിമാനയാത്ര ഫ്‌ളാഗ് ഒഫ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് അന്താരാഷ്ട്ര ടെർമിനലിലെ ആർട്ട് ഗ്യാലറി, യാത്രക്കാർക്കുള്ള ഇന്റർനാഷണൽ ലോഞ്ച്, വിനോദ സഞ്ചാര വകുപ്പിന്റെ ഇൻഫർമേഷൻ സെന്റർ, സൗജന്യ വൈ ഫൈ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

വാർഷിക സമ്മാനമായി വിമാനയാത്ര
മട്ടന്നൂർ:അനാഥ മന്ദിരങ്ങളിലെ അന്തേവാസികളായ കുഞ്ഞുങ്ങൾക്ക് ആകാശ യാത്രയുടെ ആനന്ദമേകി കണ്ണൂർ വിമാനത്താവളം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള വാർഷികത്തിന്റെ ഭാഗമായാണ് ജില്ലയിലെ നാല് അനാഥ മന്ദിരങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിമാനയാത്ര ഒരുക്കിയത്. തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം, പാലോട്ട് പള്ളി നൂറുൽ ഇസ്ലാം, സാന്ത്വന ഭവനം, കൊളാരി ശ്രീ സച്ചിദാനന്ദ ബാലമന്ദിരം എന്നിവിടങ്ങളിലെ 70 കുട്ടികൾക്കാണ് വിമാനയാത്രയ്‌ക്ക് അവസരം ലഭിച്ചത്. 20 പെൺകുട്ടികളും 50 ആൺകുട്ടികളുമാണ് ഇൻഡിഗോ വിമാനത്തിലെ യാത്രാ സംഘത്തിലുണ്ടായിരുന്നത്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവരുടെ യാത്ര ഫ്‌ളാഗ് ഒഫ് ചെയ്തത്. ഇവർക്കൊപ്പം സഞ്ചരിച്ച മജീഷ്യൻ മുതുകാട് കുട്ടികൾക്കായി മാജിക് അവതരിപ്പിച്ചു.