കണ്ണൂർ:കൈത്തറി മേഖലയെ കൂടുതൽ ഉന്നമനത്തിലേക്ക് നയിക്കാനും കൈത്തറി തുണികൾ ബ്രാൻഡ് ചെയ്ത് വിപണന സാധ്യത വർദ്ധിപ്പിക്കാനും കഴിയണമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ പുതുതായി നെയ്ത്ത് തൊഴിലാളികളായി പരിശീലനം നേടി ജോലിയിൽ പ്രവേശിച്ചവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ വിപണിയിൽ കൈത്തറിക്ക് നല്ല സ്വീകാര്യതയാണുള്ളത്. കൈകൊണ്ട് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ലോകത്താകമാനം നല്ല മാർക്കറ്റുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2018 ലെ വ്യാവസായിക നയത്തിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ കൈത്തറി മേഖലയെ പുതിയ ഉണർവിലേക്ക് നയിക്കാൻ ഉതകുന്ന സൗജന്യ യൂണിഫോം പദ്ധതി ആരംഭിച്ചത്. 201920 അദ്ധ്യയന വർഷത്തിൽ 8.5 ലക്ഷം വിദ്യാർഥികൾക്ക് 42 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 15 ലക്ഷം വിദ്യാർഥികൾക്കായി 70 ലക്ഷം മീറ്റർ തുണി വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായ വകുപ്പ് മന്ത്രി ഇ ..പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. പ്രസീത , ടി. ശങ്കരൻ ജമീല കോളയത്ത്, പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സാവിത്രി, ഹാൻവീവ് ചെയർമാൻ കെ .പി. സഹദേവൻ, ഹാൻവീവ് മാനേജിംഗ് ഡയറക്ടർ കെ. ടി.ജയരാജൻ, കൈത്തറി തൊഴിലാളി ക്ഷേമനിധി ചെയർമാൻ അരക്കൻ ബാലൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.