മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താൻ നാട്ടുകാരും വിദേശ മലയാളികളും പ്രവാസി സംഘടനകളും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിമാനത്താവള പരിസരത്ത് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരുന്നു. അത് തീരുമാനത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
20 വിമാനങ്ങൾ ഒരേസമയം നിറുത്തിയിടാനുള്ള ഏപ്രൺ സൗകര്യം ഇപ്പോൾ കണ്ണൂരിലുണ്ട്. 40 വിമാനങ്ങൾ നിറുത്തിയിടാൻ പാകത്തിൽ ഏപ്രണിന്റെ വിസ്തൃതി വർദ്ധിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. ആരംഭിച്ച് ഒൻപത് മാസത്തിനുള്ളിൽ 10 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിക്കാൻ കണ്ണൂർ വിമാനത്താവളത്തിന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.