ചെറുവത്തൂർ: മൂന്നു ദിവസങ്ങളിലായി കാലിക്കടവിൽ വെച്ചു നടക്കുന്ന കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കമായി.
പ്രതിനിധി സമ്മേളനം നടക്കുന്ന ടി.കെ.സി നഗറിൽ ഉയർത്താനുള്ള പതാക മുനയംകുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജില്ലാ പ്രസിഡന്റ് പി. ജനാർദനൻ ജാഥാ ലീഡർ പി.ആർ ചാക്കോയ്ക്ക് കൈമാറി.
പൊതുസമ്മേളന നഗരിയായ സി കൃഷ്ണൻ നായർ നഗറിൽ ഉയർത്താനുള്ള പതാക കയ്യൂർ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നും സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ എം എൽ എ ജാഥാ ലീഡർ ടി കോരന് കൈമാറി. കൊടിമരം ചീമേനി രക്തസാക്ഷികളുടെ മണ്ണിൽ നിന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു ജാഥാ ലീഡർ കെ.പി രാമചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയിലേക്കുള്ള കൊടിമരം പുത്തിലോട്ട് ടി.കെ ഗംഗാധരൻ സ്മാരക രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന കമ്മിറ്റിയംഗം എം.വി കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
നാലുജാഥകളും പടുവളം കേന്ദ്രീകരിച്ച് സമ്മേളന നഗരിയായ കാലിക്കടവിൽ എത്തി. സംഘാടക സമിതി ചെയർമാൻ ഇ. കുഞ്ഞിരാമൻ പതാക ഉയർത്തി. ഇന്നു രാവിലെ ടി.കെ.സി നഗറിൽ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് നാലിന് മാണിയാട്ട് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. വൈകീട്ട് അഞ്ചിന് കാലിക്കടവിൽ സി. കൃഷ്ണൻ നായർ നഗറിൽ പൊതുസമ്മേളനം സംസ്ഥാന എക്സികുട്ടീവംഗം ബേബിജോൺ ഉദ്ഘാടനം ചെയ്യും.