കാസർകോട്: തീരദേശ നിയമം ലംഘിച്ച് കാസർകോട് ജില്ലയിൽ കൈയേറ്റങ്ങളും നിർമ്മാണവും വ്യാപകം. റവന്യു വകുപ്പ് അധികാരികൾ തയ്യാറാക്കിയ പട്ടികയിൽ 1500 ലേറെ നിർമ്മാണങ്ങൾ തീരദേശ നിയമ ലംഘനം നടത്തി പണിതതായി കണ്ടെത്തി.
ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ തരംതിരിച്ച് തയ്യാറാക്കിയ ലിസ്റ്റിൽ വീടുകൾ, ആരാധനാലയങ്ങൾ, കടകൾ, വർക് ഷോപ്പുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയുണ്ട്. കടൽ, പുഴ, തോടുകൾ എന്നിവയുടെ കരയിൽ താമസിക്കുന്നവരാണ് കൂടുതൽ കയ്യേറ്റം നടത്തിയിട്ടുള്ളത്. സർവ്വേ നടത്തി കണ്ടെത്തിയ വിവരങ്ങളുടെ പട്ടിക റവന്യു അധികാരികൾ, സുപ്രീം കോടതിയിൽ സമർപ്പിക്കും. ഇവർക്കെതിരായ തുടർനടപടികൾ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ശേഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.
മരട് കേസ് പരിഗണിക്കുന്ന സമയത്തു സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ചു, ഒക്ടോബർ 2019 നു കേരള ചീഫ് സെക്രെട്ടറി സുപ്രീം കോടതിയിൽ തീരദേശ നിയമലംഘനങ്ങൾ കണ്ടെത്തുന്നതു സംബന്ധിച്ച് ഒരു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അത് പ്രകാരം കേരളത്തിലെ തീരദേശ മേഖലയിൽ പെടുന്ന 10 ജില്ലകളിൽപ്പെട്ട , ആറ് കോർപ്പറേഷനുകൾ, 36 മുനിസിപ്പാലിറ്റികൾ, 245 പഞ്ചായത്തുകൾ, എന്നിവയുടെ സർവേ നടത്തിയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ലിസ്റ്റിൽ തൃക്കരിപ്പൂർ, വലിയപറമ്പ , പടന്ന, കയ്യൂർ ചീമേനി, ചെറുവത്തൂർ, അജാനൂർ, പള്ളിക്കര, ഉദുമ, ചെമ്മനാട്, മൊഗ്രാൽ പുത്തൂർ, കുമ്പള, മീഞ്ച, മംഗൽപാടി പഞ്ചായത്തുകൾ, നീലേശ്വരം, കാഞ്ഞങ്ങാട് , കാസർകോട് മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ കൈയേറ്റങ്ങളുണ്ട്.
ഹിയറിംഗ് 19ന്
ജില്ലയിലെ തീരദേശ നിയമലംഘനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതികളും നിർദേശങ്ങളും ശേഖരിക്കുന്നതിനായുള്ള ഹിയറിംഗ് 19 ന് ചെർക്കളയിലെ ഹൈമാക്‌സ് ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടര്‍ ഡോ: ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 10 മുതൽ ഒരു മണി വരെ നീലേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പള്ളിക്കര, ചെറുവത്തൂർ, കുമ്പള, മംഗൽപാടി, കയ്യൂർ ചീമേനി, മീഞ്ച, മൊഗ്രാൽപുത്തൂർ എന്നീ പഞ്ചായത്തുകളിലും, നഗരസഭകളിലും നിന്നുള്ളവരുടെ ഹിയറിംഗും ഉച്ചയ്ക്ക് രണ്ടു മണി മുതൽ അഞ്ചുമണി വരെ അജാനൂർ, വലിയപറമ്പ, ചെമ്മനാട്, പടന്ന, ഉദുമ, മഞ്ചേശ്വരം, പുത്തിഗെ, ചെങ്കള, മുളിയാർ, ബേഡഡുക്ക,പുല്ലൂർ പെരിയ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നുള്ളവരുടെയും ഹിയറിംഗ് നടക്കും.