കണ്ണൂർ: തൊഴിലും കൂലിയും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ധർണ നടത്തി. കൂലി കുടിശിക പൂർണമായും കൊടുത്തു തീർക്കുക, പ്രതിവർഷം 250 തൊഴിൽ ദിനങ്ങളാക്കുക, മിനിമം കൂലി 600 രൂപയാക്കുക, തൊഴിൽ ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് പദ്ധതിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബഡ്ജറ്റിൽ 6000 കോടിയാണ് പദ്ധതിക്കായി നീക്കി വച്ചത്. മുൻ വർഷത്തേക്കാൾ ആയിരം കോടി രൂപ കുറവാണിത്. കേരളത്തിൽ ഏറെ കാര്യക്ഷമമായി നടക്കുന്ന പദ്ധതിയായിരുന്നു ഇത്. കൂലി നൽകാതെ തൊഴിലാളികളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. മൂന്നുകൊല്ലമായി കൂലിയിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലെ ജോലി കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുക, ജോലി സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാക്കുക, ക്ഷേമനിധിയും പെൻഷനും അടക്കമുള്ള സമഗ്രമായ ക്ഷേമനിധി നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് തങ്കമ്മ സ്‌കറിയ അദ്ധ്യക്ഷയായി. എം.പി.ദാമോദരൻ, എം.കെ.മുരളി, സി. ബിന്ദു എന്നിവർ പ്രസംഗിച്ചു.