പിലിക്കോട്: കർഷക സംഘത്തിന്റെ ജില്ലാ സമ്മേളനത്തിന്‌ കാലിക്കടവിൽ ആവേശത്തുടക്കം. ചൊവ്വാഴ്ച പ്രതിനിധി സമ്മേളന നഗരിയായ ടി.കെ.സി നഗറിൽ ജില്ലാ പ്രസിഡന്റ് പി. ജനാർദ്ദനൻ പതാക ഉയർത്തിയതോടെയാണ് രണ്ടു ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്.

സമ്മേളന നഗറിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി. അഖിലേന്ത്യാ കിസാൻസഭ കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ജനാർദ്ദനൻ രക്തസാക്ഷി പ്രമേയവും പി.ആർ ചാക്കോ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഇ. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. ജനാർദ്ദനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ എം. പ്രകാശൻ സംഘടന റിപ്പോർട്ടും ജില്ലാ ട്രഷറർ കെ. കുഞ്ഞിരാമൻ എം.എൽ.എ വരവുചെലവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബേബിജോൺ, കെ. കുഞ്ഞിരാമൻ, ടി.വി ഗോവിന്ദൻ, എം.വി കോമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

ഇന്നലെ തുടങ്ങിയ പൊതുചർച്ച ഇന്നും തുടരും. പകൽ രണ്ടിന് പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. വൈകീട്ട് നാലിന് മാണിയാട്ട് കേന്ദ്രീകരിച്ച് കർഷകരുടെ പ്രകടനം ആരംഭിക്കും. കാലിക്കടവിൽ സി. കൃഷ്ണൻ നായർ നഗറിൽ പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബേബിജോൺ ഉദ്ഘാടനം ചെയ്യും. പി. കരുണാകരൻ, എം. വി. ബാലകൃഷ്ണൻ, കെ.പി. സതീഷ് ചന്ദ്രൻ, എം. രാജഗോപാലൻ എം.എൽ.എ എന്നിവർ സംസാരിക്കും.