cctv

മാവുങ്കാൽ: പുലർച്ചെ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഹോട്ടൽ വ്യാപാരിയുടെ തലയ്ക്കടിച്ച് കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചു പറിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യം അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചു. മാവുങ്കാലിലെ ഗണേഷ് ഹോട്ടൽ ഉടമ കർണാടക സുള്ള്യ സ്വദേശി പി. ഗുഡപ്പയെ (61) യാണ് കഴിഞ്ഞദിവസം പുലർച്ചെ അജ്ഞാതൻ തലയ്ക്കടിച്ചത്. ശ്രീരാമക്ഷേത്രത്തിന് മുന്നിൽ പ്രാർത്ഥിക്കുന്നതിനിടയിലായിരുന്നു സംഭവം. ഗുഡപ്പ ആനന്ദാശ്രമത്തിനു സമീപം വാടകയ്ക്കാണ് താമസം. പിന്നിൽനിന്നെത്തിയ അജ്ഞാതൻ കമ്പികൊണ്ട് തലയ്ക്കടിക്കുന്നതും ബാഗ് തട്ടാൻ ശ്രമിക്കുന്നതും ശ്രീരാമക്ഷേത്രത്തിന് എതിർവശത്തെ ഒരു കച്ചവട സ്ഥാപനത്തിന്റെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ അക്രമിയുടെ മുഖം വ്യക്തമല്ല. പിന്നീട് തെക്ക് ഭാഗത്തേക്ക് രക്ഷപ്പെടുന്നതും ദൃശ്യത്തിലുണ്ട്. ചുവന്ന ഷർട്ടും മുണ്ടുമാണ് വേഷം. ഗുഡപ്പ നിലവിളിച്ചതിനെ തുടർന്ന് അക്രമി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഗുഡപ്പ ദീപ നഴ്സിംഗ് ഹോമിലെ പരിശോധനകൾക്കും ചികിത്സയ്ക്കും ശേഷം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പൊലീസ് വ്യാപാരസ്ഥാപനത്തിലുള്ള സിസിടിവി പരിശോധിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.