കടൽഭിത്തി നിർമ്മിക്കേണ്ടത് -250 മീറ്റർ
ഇപ്പോൾ നിർമ്മിക്കുന്നത് -35 മീറ്റർ
തലശ്ശേരി: കാലവർഷത്തിലും ഇടക്കിടെ ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങളിലും ക്ഷോഭിക്കുന്ന കടലിന്റെ ഭീഷണിയിൽ നിന്ന് കുറിച്ചിയിൽ പെട്ടിപ്പാലത്തെ തൊണ്ണൂറ് കുടുംബങ്ങൾക്ക് മോചനം. കടലാക്രമണത്തെ ചെറുക്കാനുള്ള കടൽഭിത്തിയുടെ നിർമ്മാണം ഇവിടെ പുരോഗമിക്കുകയാണ്.
അഞ്ച് ഫ്‌ളാറ്റുകളിലുള്ള ഇരുപത് ഉൾപെടെ തൊണ്ണൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 250 മീറ്റർ ദൂരത്തിൽ മതിൽ കെട്ടിയാലേ ഈ കോളനി പ്രദേശം സംരക്ഷിക്കപ്പെടുകയുള്ളു. ആദ്യഘട്ടത്തിൽ 35 മീറ്റർ ദൂരത്തിലാണ് ഭിത്തി കെട്ടുന്നത്.ഇതോടൊപ്പം ഇരുന്നൂറുമീറ്റർ വ്യത്യാസത്തിൽ അമ്പത് മീറ്റർ നീളത്തിൽ രണ്ട് പുലിമുട്ടുകളും നിർമ്മിക്കുന്നുണ്ട്. തൊട്ടപ്പുറമുള്ള അരയ സമുദായ ശ്മശാനത്തിൽ വെള്ളം കയറുന്നതും ഇവിടത്തെ പ്രതിസന്ധിയിലൊന്നായിരുന്നു. ഈ ഭാഗത്തും 60 മീറ്റർ നീളത്തിൽ കടൽഭിത്തി കെട്ടാൻ കരിങ്കല്ലുകൾ ഇറക്കിയിട്ടുണ്ട്.
പരിഹരിക്കാൻ പ്രശ്നങ്ങൾ ബാക്കി
കടൽവെള്ളം അടിയിലൂടെ പ്രവഹിച്ച് ഫ്‌ളാറ്റിലെ നാല് കക്കൂസ് ടാങ്കുകളും വെള്ളം കയറി ഉപയോഗശൂന്യമാകുന്ന ദുരവസ്ഥയും ഇവിടെയുണ്ട്.. മൂന്ന് മാസം കൂടുമ്പോൾ ഫ്‌ളാറ്റിലുള്ള താമസക്കാർ തന്നെ പണം പിരിച്ചെടുത്ത് വൃത്തിയാക്കുകയാണ് ചെയ്യുന്നത്. മറ്റ് എഴുപത് വീട്ടുകാർക്ക് ഒരു പൊതു കക്കൂസു പോലുമില്ല.പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനാവാതെ പെൺകുട്ടികളും സ്ത്രീകളുമടക്കമുള്ളവർ അനുഭവിക്കുന്ന ദുരിതം ഏറെയാണ്. വർഷങ്ങൾക്ക് മുമ്പ് നഗരസഭ ഇതിലേക്കായി എട്ടര ലക്ഷം രൂപ നീക്കിവെച്ചെങ്കിലും തീരദേശ നിയമത്തിന്റെ പേരിൽ നിർമ്മാണം തടസപ്പെട്ടു. ഉപ്പുകാറ്റേറ്റ് ഫ്‌ളാറ്റിലെ കോൺക്രീറ്റ് ജനലുകളൊക്കെ അടർന്ന് വീണ് നശിച്ചിട്ടുണ്ട്.
ഫ്‌ളാറ്റിന്റെ മുകൾനിലയിലെ ഒരു മുറിയിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. അവിടെ കയറിയെത്താൻ കുരുന്നുകൾ ഏറെ പ്രയാസപ്പെടുന്നുണ്ട്. പല കുട്ടികളെയും ദൂരെയുള്ള അംഗൺവാടികളിലേക്ക് പറഞ്ഞുവിടുകയാണിവരിൽ പലരും
.
ബൈറ്റ്
250 മീറ്റർ നീളത്തിൽ കടൽഭിത്തി കെട്ടാതെ പെട്ടിപ്പാലത്ത് കടൽക്ഷോഭത്തെ തടയിടാനാവില്ല. നൂറ് മീറ്ററിനുള്ളിൽ റെയിൽവേയും ദേശീയപാതയും കടന്നു പോകുന്ന ഇടമാണിത്. അതു കൊണ്ടു തന്നെ സുരക്ഷിതമായ കടൽഭിത്തി എത്രയും പെട്ടെന്ന് നിർമ്മിക്കണം-എം.കെ.ബാബു (കോളനിനിവാസി, സാമൂഹ്യപ്രവർത്തകൻ)