കാസർകോട് : സർക്കാർ അകപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി ജില്ലകളിൽ തയാറാക്കുന്ന വിനോ സഞ്ചാര മേഖലയിലെ പദ്ധതികളെയും ബാധിക്കുന്നു. സർക്കാരിന് വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ പണമില്ലാത്തതിന്റെ പേരിൽ ജില്ലകളിലെ ടൂറിസം വികസന പദ്ധതികൾ ഒന്നും അംഗീകാരത്തിനായി തത്കാലം അയക്കേണ്ടതില്ലെന്നാണ് ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള നിർദ്ദേശം.

ഓരോ ജില്ലയിലും ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ, ടൂറിസം വകുപ്പ് എന്നി വിഭാഗങ്ങളിലായി നിരവധി വികസന പദ്ധതികളാണ് തയാറാക്കി വരുന്നത്. സാമ്പത്തിക പ്രതിസന്ധി ഈ പദ്ധതികളുടെ നടത്തിപ്പിനെല്ലാം വിലങ്ങുതടിയാകും. നടപ്പ് സാമ്പത്തിക വർഷം ഇനി ടൂറിസം പദ്ധതികൾക്ക് ഒന്നിനും അനുമതി നൽകാൻ കഴിയില്ലെന്നാണ് സർക്കാറിന്റെ നിലപാട്. നിലവിൽ തയാറാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ മുഴുവൻ അടുത്ത സാമ്പത്തിക വർഷം അംഗീകാരത്തിനായി അയച്ചാൽ മതി എന്നും നിർദ്ദേശമുണ്ട്. ഓരോ ജില്ലകളിലും ഒരു കോടി രൂപയിൽ താഴെ വരുന്ന ടൂറിസം പദ്ധതികൾ ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് ഡയറക്ടർ നേരിട്ട് പാസാക്കി കൊടുക്കാറുണ്ട്. എന്നാൽ ഒരു കോടി രൂപയിലധികം വരുന്ന പദ്ധതികൾ ടൂറിസം വകുപ്പ് ഡയറക്ടർ, ടൂറിസം, ധനകാര്യം സെക്രട്ടറിമാർ അടങ്ങുന്ന കമ്മിറ്റിയാണ് പാസാക്കുക. ഈ കമ്മറ്റിയുടെ അംഗീകാരം വാങ്ങിച്ചതിന് ശേഷം മാത്രമേ ഭരണാനുമതി ലഭിക്കുകയുള്ളൂ.

നിരവധി കടമ്പകൾ കടന്നിട്ട് വേണം പദ്ധതികൾ സെക്രട്ടറിമാരുടെ കമ്മിറ്റി മുമ്പാകെ എത്താൻ. പദ്ധതിക്ക് അംഗീകാരം കിട്ടുമ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിട്ടുണ്ടാകുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് അയച്ച നിരവധി പദ്ധതികൾ മാസങ്ങൾ കഴിഞ്ഞിട്ടും അംഗീകാരം കാത്തുകിടക്കുന്നുണ്ട്. ഭരണകക്ഷിയുടെ ചില എം എൽ എ മാർ ശക്തമായി ഇടപെടുകയും പിന്നാലെ പോയി സമ്മർദ്ദം ചെലുത്തുകയും ചെയ്ത പദ്ധതികൾ മാത്രമാണ് കടമ്പകൾ കടക്കുന്നത്. വൈകി അനുമതി ലഭിക്കുന്നത് പദ്ധതി പ്രവർത്തനത്തെ ഏറെ ബാധിക്കുന്നുണ്ട്. സർക്കാരിന്റെ പുതിയ നിലപാട് കാരണം വൻകിട ടൂറിസം പദ്ധതികൾ ഒന്നും ഈ സാമ്പത്തിക വർഷം നടപ്പിലാക്കാനിടയില്ല.