ഇരിട്ടി: മുപ്പത് വർഷത്തോളമായി താമസിച്ചുവരുന്ന ഭൂമിയിൽ നട്ടുപിടിപ്പിച്ച മരം മുറിച്ചതിന്റെ പേരിൽ കർണാടക വനംവകുപ്പുദ്യോഗസ്ഥർ മലയാളി ദമ്പതികളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കൂട്ടുപുഴ-വീരാജ്പേട്ട അന്തർസംസ്ഥാനപാത ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് മൂന്നുമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.ചുരം റോഡിലും കൂട്ടുപുഴ പേരട്ട റോഡിലും ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും പെരുവഴിയിലായി.
കേരളത്തിന്റെ അധീനതയിൽ പെട്ട റവന്യു ഭൂമിയിൽ 30 വർഷമായി താമസിക്കുന്ന ബാബു മാട്ടുമ്മൽ, ഭാര്യ സൗമിനി എന്നിവരെയാണ് മാക്കൂട്ടം വന്യജീവി സങ്കേതം അധികൃതർ ഇന്നലെ രാവിലെ അറസ്റ്റുചെയ്തത്. വീട്ടുപറമ്പിൽ ഇവർ തന്നെ നട്ടുവളർത്തിയ ചെറിയ മാവ്, പ്ലാവ് , തേക്ക് എന്നിവയാണ് മുറിച്ചത്. കഴിഞ്ഞ വർഷത്തിലെ വെള്ളപൊക്കത്തിൽ വീട് അപകട ഭീഷണിയിലായതോടെ കിളിയന്തറയിലെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. മരംമുറിച്ചതറിഞ്ഞ് എത്തിയ കർണ്ണാടക വനപാലക സഘം ദമ്പതികളെ ബലമായി വീട്ടിൽ നിന്നും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി വാരാജ്‌പേട്ട ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സമീപവാസികൾ സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ഇവരെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. പ്രതിഷേധം കനത്തതോടെ സ്ത്രീകൾ അടക്കമുള്ള പ്രദേശവാസികൾ രാവിലെ 10.30തോടെ കൂട്ടപുഴ പാലം ഉപരോധിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആളുകൾ വൻതോതിൽ തടിച്ചുകൂടിയതോടെ ഗതാഗതം പൂർണമായി സ്തംഭിച്ചു. ഇതിനിടെ കർണ്ണാടകത്തിൽ നിന്നും കൂട്ടുപുഴവരെ സർവീസ് നടത്തുന്ന കെ .എസ് .ആർ. ടി .സി ബസിനെ സമരക്കാർ കുറച്ചുനേരം തടഞ്ഞിട്ടു.
സണ്ണിജോസഫ് എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളും ഇരിട്ടി തഹസിൽദാർ കെ.കെദിവാകരന്റെ നേതൃത്വത്തിൽ റവന്യു അധികൃതരും പൊലീസും സംസാരിച്ചെങ്കിലും കസ്റ്റഡിയിലെടുത്തവരെ തിരിച്ചുകിട്ടണമെന്ന ആവശ്യത്തിൽ നിന്ന് പ്രതിഷേധക്കാർ പിൻവാങ്ങിയില്ല.
കർണാടക വനംവകുപ്പിനെതിരെ രോഷപ്രകടനം
കേരളത്തിന്റെ ഭൂമി കൈയേറുന്ന കർണാടക വനംവകുപ്പിനെതിരെ രോഷത്തോടെയാണ് നാട്ടുകാർ പ്രതികരിച്ചത്.
സണ്ണി ജോസഫ് എം. എൽ .എ വീരാജ്‌പേട്ട എം എൽ എ ബോപ്പയ്യയുമായും ഉന്നത വനം വകുപ്പ് ജീവനക്കാരുമായും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജില്ലാ കളക്ടർ ഇടപെട്ട് നടത്തിയ നീക്കത്തിനൊടുവിൽ പിടിച്ചുകൊണ്ടുപോയവരെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാമൊന്നും മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും പ്രതിഷേധക്കാരുടെ രോഷം ശമിച്ചില്ല.യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്നും അടുത്ത ദിവസങ്ങളിൽ മറ്റ് സമരരീതികൾ നടത്താമെന്നും പായം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും സമരക്കാരോട് നിർദ്ദേശിച്ചു. ഇതോടെ ഒരു വിഭാഗം പിൻമാറിയെങ്കിലും മറ്റൊരു വിഭാഗം സമരം തുടർന്നു. തുടർന്ന് ഇരിട്ടി എസ്.ഐ എ.വി.രാജു,ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉപരോധം അവസാനിപ്പിച്ചത്.
വനംവകുപ്പുമായി ചർച്ചയ്ക്ക് പ്രത്യേകസംഘം
കർണ്ണാടക വനം വകുപ്പ് അധികൃതരുമായി സംസാരിക്കാൻ തഹസിൽദാർ കെ.കെ. ദിവാകരൻ, പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സബാസ്റ്റ്യൻ , ബി .ജെ. പി സംസ്ഥാന സമിതി അംഗം വി.വി ചന്ദ്രൻ എന്നിവരെ നിയോഗിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ, ഏരിയാ സെക്രട്ടറി ബിനോയി കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, ആർ. എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ സജീവൻ ആറളം, ബി .ജെ .പി മണ്ഡലം ജനറൽ സെക്രട്ടറി എം. ആർ. സരേഷ്, പി.പി. ഷാജി ഉൾപ്പെടെ നിരവധി നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.
( പടം കൂട്ടുപുഴ പാലം ഉപരോധിച്ചവർ എം.എൽ.എ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുമായി സംസാരിക്കുന്നു )