കാസർകോട്: സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ അപരിചിതൻ ആൾ താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു. കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം തേടി. വൈകിട്ട് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗാഡിഗുഡയിലാണ് സംഭവം. ആദൂരിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന ആൺകുട്ടിയാണ് പ്രകൃതി വിരുദ്ധ പീഡനശ്രമത്തിന് ഇരയായത്.

ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയോട് 40 വയസ് തോന്നിക്കുന്നയാൾ വഴി കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. കുട്ടി അപരിചിതന് വഴികാണിച്ചു കൊണ്ട് റബർ തോട്ടത്തിലൂടെ നടന്നു പോകുന്നതിനിടെ ആൾതാമസമില്ലാത്ത വീടിനടുത്തെത്തിയപ്പോൾ ഇയാൾ അകത്ത് കയറി. കുട്ടിയെയും അകത്തേക്ക് ക്ഷണിച്ചു. വീട്ടിനുള്ളിലേക്ക് കടന്നപ്പോൾ അപരിചിതൻ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ശ്രമിക്കുകയായിരുന്നു.

കുട്ടി ബഹളം വെച്ച് ഇയാളുടെ പിടിയിൽ നിന്ന് കുതറിയോടി അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. രക്ഷിതാക്കൾ നൽകിയ വിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിദ്യാർത്ഥിയുടെ മൊഴിയെടുത്തു. തുടർന്ന് ബദിയടുക്ക പൊലീസിൽ പരാതി നൽകുകയും ചെയ്തു.