നീലേശ്വരം: അപകടം പതിവായ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് വെച്ചാൽ അപകടം കുറയുമോ. റോഡിന്റെ ഒരു ഭാഗം വിണ്ടുകീറി ചരിഞ്ഞു കിടക്കുന്ന സ്ഥലത്താണ് അറ്റകുറ്റപ്പണികളൊന്നും നടത്താതെ അധികാരികൾ ബോർഡു വച്ചിരിക്കുന്നത്. ചയ്യോത്ത് അരയാക്കടവ് റോഡിൽ ആദ്യത്തെ വളവുമുതൽ പാലം വരെയാണ് അപകടാവസ്ഥയിലായിരിക്കുന്നത്. വേഗത കുറയ്ക്കുക, അപകടം പതിയിരിക്കുന്നു എന്ന മുന്നറിയിപ്പ് ബോർഡാണ് ഇവിടെ വെച്ചിട്ടുള്ളത്.
റോഡിന്റെ ഇരുവശത്തും കാട് വീണുകിടക്കുന്നതിനാൽ ചരിഞ്ഞ പൊട്ടിപ്പൊളിഞ്ഞ ഭാഗം വാഹനങ്ങളുടെ ശ്രദ്ധയിൽപെടുകയുമില്ല. അതുകൊണ്ട് തന്നെ ഇവിടെ മിക്ക ദിവസങ്ങളിലും അപകടങ്ങൾ പതിവാണ്.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് മത്സ്യം കയറ്റി പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് താഴേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടിരുന്നു. പുലർച്ചെയാണ് ലോറി മറിഞ്ഞതെങ്കിലും കാടുമൂടി കിടക്കുന്ന ഭാഗമായതിനാൽ രാവിലെയാണ് കാൽനടയാത്രക്കാർ ലോറി അപകടത്തിൽ പെട്ടത് കണ്ടത്. അപ്പേഴേക്കും ഡ്രൈവർ ലോറിയിൽ മരിച്ച് കിടക്കുകയായിരുന്നു.
പാലം ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ
അരയാക്കടവ് പാലം ഉദ്ഘാടനം ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സമീപന റോഡ് അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. റോഡിന്റെ മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കുഴികൾ പ്രത്യക്ഷപ്പെട്ടിരിക്കയാണ്. പാലത്തിന്റെ കയ്യൂർ ഭാഗത്ത് കയറ്റം കുറച്ച് ഗതാഗതയോഗ്യമാക്കുന്നുണ്ടെങ്കിലും എതിർ ഭാഗത്ത് അറ്റകുറ്റപ്പണി എടുക്കേണ്ട യാതൊരു നീക്കവും നടക്കുന്നില്ല.