ചെറുപുഴ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ചെറുപുഴയിലെ ഹോട്ടലുകൾക്ക് മുമ്പിൽ നടത്തുന്ന ഉപരോധത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഇന്ന് മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ യോഗം തീരുമാനിച്ചു. ഭക്ഷണ സാധനങ്ങൾക്ക് വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വില വർദ്ധിപ്പിച്ച ഹോട്ടലുകൾക്ക് മുന്നിൽ ഉപരോധം നടത്തുകയാണ്. സമരം തീർക്കാൻ നടപടിയില്ലെങ്കിൽ ചെറുപുഴ ടൗണിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകൾക്കൊപ്പം അടച്ചിടുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഉപരോധ സമരത്തിൽ പ്രതിഷേധിച്ച് വ്യാപാരിവ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവയുടെ നേതൃത്വത്തിൽ വ്യാപാരികൾ ടൗണിൽ പ്രകടനം നടത്തി.ചെറുപുഴ മേലെ ബസാറിൽ നിന്നാരംഭിച്ച പ്രകടനം തിരുമേനി റോഡിൽ സമാപിച്ചു. ജോൺസൺ പറമുണ്ട, എം. വി.ശശി, ജെ. സെബാസ്റ്റ്യൻ, ടി.എ. വർഗീസ്, സി. കുഞ്ഞിരാമൻ, ടി.ബി. പ്രസാദ്, സിജി ജോൺ എന്നിവർ പ്രസംഗിച്ചു.