കണ്ണൂർ: പഠനത്തിൽ പിന്നോക്കം നിന്ന കുട്ടികളെ മുന്നോട്ട് ഉയർത്തി സംസ്ഥാനസർക്കാരിന്റെ ശ്രദ്ധ പദ്ധതി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017-18 മുതൽ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ ശ്രദ്ധ പദ്ധതിയിലൂടെ പഠനത്തിൽ കൈപിടിച്ചുയർത്തിയത് 3,10,000 വിദ്യാർത്ഥികളെയാണ്. വ്യത്യസ്ത കാരണങ്ങൾ കൊണ്ട് പഠനപ്രയാസം നേരിടുന്ന കുട്ടികളെ മുൻപന്തിയിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പാദവാർഷിക പരീക്ഷകളിൽ സി , ഡി ഗ്രേഡുകൾ ലഭിച്ചിരുന്ന കുട്ടികൾക്ക് വാർഷിക പരീക്ഷയിൽ ശ്രദ്ധ പദ്ധതിയുടെ പ്രവർത്തനമികവ് കൊണ്ട് എ , ബി ഗ്രേഡുകൾ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതാണ് സ്‌കൂൾ അധികൃതരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2019-20 വർഷം സംസ്ഥാനത്തെ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും പരിധിയിൽ നിന്നും പത്ത് വീതം എൽ.പി,​യു.പി,​ഹൈസ്‌കൂളുകളെ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി 3670 സർക്കാർ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കും. പ്രത്യേകം മൊഡ്യുളുകൾ തയ്യാറാക്കിയാണ് പഠനപ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികൾക്കായി പ്രത്യേക ഇവാലുവേഷൻ ടൂളും നിർമ്മിച്ചാണ് പഠന പുരോഗതി വിലയിരുത്തുന്നത്. പ്രീ ടെസ്റ്റ്, പോസ്റ്റ് ടെസ്റ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. ഓരോ ഉപജില്ലയിലെയും വിദ്യാഭ്യാസ ജില്ലയിലെയും റിസൾട്ട് കുറഞ്ഞ പത്ത് സ്‌കൂളുകൾ വീതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോ ജില്ലാ വിദ്യാഭ്യാസ ഓഫീസറോ കണ്ടെത്തുകയും ലിസ്റ്റ് തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ശ്രദ്ധ പദ്ധതി സ്‌കൂളുകളിൽ നടപ്പിലാക്കുന്നത്.

മുന്നോട്ട് വന്നത് നിരവധി കുട്ടികൾ

2017-18 അദ്ധ്യയന വർഷത്തിൽ 3,5,8 ക്ലാസുകളിലെ കുട്ടികളെയാണ് പദ്ധതിയിലുൾപ്പെടുത്തിയിരുന്നത്. 2018-19 വർഷം മുതൽ 3 മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. 2017-18ൽ 3, 5, 8 എന്നീ ക്ലാസുകളിൽ പഠിക്കുന്ന 4695 സർക്കാർ സ്‌കൂുകളിലെ 1,20,000 കുട്ടികൾക്കും 2018-19 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ 4659 സർക്കാർ സ്‌കൂളുകളിലായി ഏകദേശം 1,90,000 കുട്ടികൾക്കും ശ്രദ്ധ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്.