കാസർകോട്: പയ്യന്നൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പാർലിമെന്റിന്റെ ശൂന്യവേളയിൽ അവിശ്യപ്പെട്ടു. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിട്ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ള 85 ഏക്കർ സ്ഥലം കണ്ടൽ കാടുകൾ, നെൽവയലുകൾ, ജലാശയങ്ങൾ, നദികൾ, കായലുകൾ പാരിസ്ഥിതികമായി സവിശേഷതകളുള്ള പ്രദേശമാണെന്നും കൂടാതെ പ്രദേശ വാസികളുടെ ഉപജീവനമാർഗമായ കൃഷിയെയും മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും എന്നും എം.പി. അഭിപ്രായപ്പെട്ടു.

ഇന്ത്യൻ നേവൽ അക്കാദമിയിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രമാണ് നിർദ്ദിഷ്ട പെട്രോളിയം സംഭരണ ​​ടെർമിനലിലേയ്ക്കുള്ളത്. അന്താരാഷ്ട്ര തലത്തിൽ പെട്രോളിയം സംഭരണ ​​കേന്ദ്രങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു പ്ലാന്റ് ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും എം.പി വ്യക്തമാക്കി.