കണ്ണൂർ:കൈരളി അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേളയ്ക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ തുടക്കമായി. ക്രിസ്‌മസ്, പുതുവത്സരത്തോടനുബന്ധിച്ച് സർക്കാർ സ്ഥാപനമായ കൈരളി നടത്തുന്ന ക്രാഫ്റ്റ് ബസാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്‌ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ കൗൺസിലർമാരായ അഡ്വ. ലിഷ ദീപക്, ഇ പി ലത, ഇ ബീന , കൈരളി ഹാൻഡി ക്രാഫ്റ്റ്‌സ് കണ്ണൂർ മാനേജർ കെ ഷൈൻ തുടങ്ങിയവർ പങ്കെടുത്തു
ഡവലപ്‌മെന്റ് കമ്മിഷണർ ഹാന്റ്ക്രാഫ്റ്റ് സ്‌പോൺസർ ചെയ്തിരിക്കുന്ന മേള കേരള കരകൗശല കോർപ്പറേഷനാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല കൈത്തറി ഉൽപന്നങ്ങൾ മേളയിലുണ്ട്. തൊഴിലാളികൾക്ക് ഉൽപന്നങ്ങൾ നേരിട്ടു വില്പന നടത്താനുള്ള അവസരമാണ് മേളയിൽ ലഭിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം കരകൗശല കൈത്തറി സ്റ്റാളുകളിലായി ഹൈദരാബാദ് പേൾ ആഭരണങ്ങൾ ,മധുര ,കാഞ്ചിപുരം സിൽക്ക് , കോട്ടൺ സാരികൾ , രാജസ്ഥാൻ തുണിത്തരങ്ങൾ, ചന്ദനത്തിലും വീട്ടിയിലും തേക്കിലും മറ്റും തീർത്ത കേരളത്തിന്റെ തനതു കരകൗശല ശിൽപങ്ങൾ , ലോക പ്രശസ്തമായ ആറൻമുള കണ്ണാടി, ആഭരണപ്പെട്ടികൾ , വിഗ്രഹങ്ങൾ , മാറ്റുകൾ തുടങ്ങിയവ മേളയുടെ മുഖ്യ ആകർഷണമാണ്. രാവിലെ 10 മുതൽ രാത്രി 8 മണിവരെയാണ് പ്രവേശന സമയം. ഞായറാഴ്ചയും പ്രവർത്തിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. 31 വരെയാണ് മേള.