തളിപ്പറമ്പ്: തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് എസ്. ഡി. പി. ഐ പ്രവർത്തകരെ വധശ്രമക്കേസിൽ റിമാൻഡ് ചെയ്തു.സംഭവത്തിൽ അറസ്റ്റിലായ എട്ടുപേരെയാണ് ജാമ്യത്തിൽ വിട്ടയച്ചു.മുതുകുടയിലെ കീരൻ ഹൗസിൽ കെ.തൽഹത്ത്(29), ബക്കളം ഷിനാസ് ഹൗസിൽ എം.പി.മുഹമ്മദ് റാഷിദ്(24), കുറ്റ്യേരിയിലെ ടി.എസ്.അഫ്‌സൽ(24), കുറുമാത്തൂർ പള്ളിവളപ്പിൽ ഹൗസിൽ അബ്ദുൾ ഷഹീർ(28), ചൊറുക്കളയിലെ മോട്ടന്റകത്ത് പുതിയപുരയിൽ എം.പി.ഫവാസ്(32) എന്നിവരെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 35 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. പ്രകടനത്തിന് നേർക്ക് ബസ് ഓടിച്ചുകയറ്റിയെന്ന എസ്.ഡി.പി.ഐ പ്രവർത്തകരുടെ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.