പയ്യന്നൂർ; നിയോജകമണ്ഡലത്തിൽ സി.കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കനിമധുരം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 2020 വർഷത്തിൽ ഒന്നരലക്ഷം തൈകൾ ഉൽപാദിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റ് വഴിയുമാണ് ഇത്രയും തൈകൾ ഉൽപാദിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഴ്‌സറികളുടെ പ്രവർത്തനം നടത്തുന്നത്.
2014 മുതൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ആറുലക്ഷത്തോളം ഫലവൃക്ഷ ഔഷധ സസ്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്തുതല കാർഷിക സെമിനാറുകളും ഇതിന്റെ ഭാഗമായി നടത്തിവരുന്നുണ്ട്. ഭക്ഷ്യസുരക്ഷ,ആരോഗ്യ സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നീ ആശയങ്ങൾ മുൻ നിർത്തിയാണ് കൃഷി വകുപ്പ്, ഗ്രാമപഞ്ചായത്ത്, സോഷ്യൽ ഫോറസ്ട്രി, ഔഷധി തുടങ്ങിയവയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. വിതരണം ചെയ്യുന്ന തൈകൾ നട്ടുസംരക്ഷിക്കുന്നതിനായി പഞ്ചായത്തുതല മോണിറ്ററിംഗ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.

ഹരിത പെരുമാറ്റച്ചട്ട പ്രകാരം വൃക്ഷതൈകളുടെ ഉൽപാദനത്തിനായി പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം സംവിധാനം നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന അവലോകന യോഗം സി.കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. രാഗേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.പി.എം നൂറുദ്ദീൻ, സോഷ്യൽ ഫോറസ്ട്രി ഓഫീസർ കെ. ചന്ദ്രൻ, കനിമധുരം കൺവീനർ പി.വി. ലക്ഷ്മണൻ, ജോയിന്റ് ബി.ഡി.ഒ എം.ഉല്ലാസൻ തുടങ്ങിയവർ പങ്കെടുത്തു