തൃക്കരിപ്പൂർ: സംസ്ഥാന ഫിസ്റ്റ്ബാൾ ചാമ്പ്യൻഷിപ്പ് നാളെ തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മിനി സ്റ്റേഡിയത്തിൽ തുടങ്ങും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി പത്ത് ജില്ലകളിൽ നിന്നും 300 ൽപ്പരം താരങ്ങളും ഒഫീഷ്യൽസും പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്യും. ഫിസ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദീപുജോൺ അധ്യക്ഷത വഹിക്കും. 15ന് രാവിലെ 11.30 ന് നടക്കുന്ന സമാപന സമ്മേളനം ചന്തേര പൊലീസ് ഇൻസ്‌പെക്ടർ കെ.പി. സുരേഷ്ബാബു മുഖ്യാതിഥി ആയിരിക്കും. ഫിസ്റ്റ് ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എം. മുസ്‌തഫ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി. മുസ്തഫ സമ്മാനദാനം നിർവഹിക്കും.

വാർത്താസമ്മേളനത്തിൽ ടി.എം. മുസ്തഫ, അഡ്വ. കെ.പി. നസീർ, ഫായിസ് ബീരിച്ചേരി, എ.ജി.സി. ഷംഷാദ്, ടി.എം. സിദ്ദീഖ്, സാക്കിർ തങ്കയം, എ.ജി.സി. ഹംലാദ് എന്നിവർ പങ്കെടുത്തു.

ഫിസ്റ്റ് ബാൾ

വോളിബോൾ മാതൃകയിൽ കളിക്കുന്നതാണ് ഫിസ്റ്റ്ബാളെന്ന ഗെയിമെങ്കിലും കോർട്ടിൽ നെറ്റിന് പകരം രണ്ട് മീറ്റർ ഉയരത്തിൽ റിബൺ അഥവാ ചരട് കെട്ടിയാണ് നിയന്ത്രണം. 50 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള കോർട്ട് മൂന്ന് മീറ്റർ സൈഡ് ബോക്സോടുകൂടിയാണ്. ഒരു ടീമിൽ 5 പേരാണ് കളത്തിലുണ്ടാവുക. മുൻഭാഗത്തുള്ള ബോക്സിൽ നിന്നാണ് സർവ് ചെയ്യുക.