കണ്ണൂർ: ജില്ലയിലെ ജനങ്ങൾ ന്യൂനപക്ഷ കമ്മിഷന്റെ സേവനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ബോധവാന്മാരല്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ന്യൂനപക്ഷ കമ്മിഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് ജില്ലകളെ അപേക്ഷിച്ച് പരാതികൾ കുറവുള്ള ജില്ലയാണ് കണ്ണൂർ. ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതാണ് ഇതിന് കാരണമായി സംശയിക്കുന്നത്. കമ്മിഷന്റെ സേവനങ്ങൾ, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ എന്നിവ വേണ്ട രീതിയിൽ ഉപയോഗിക്കപ്പെടുന്നില്ല. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം, സാസ്‌കാരികം, സാമൂഹികം, ശാക്തീകരണം തുടങ്ങി ഏത് രീതിയിലുള്ള പരാതികളും കമ്മിഷൻ സ്വീകരിക്കും. ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് സെമിനാറുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്നും ലഘുലേഖകൾ വിതരണം ചെയ്യുമെന്നും കമ്മിഷൻ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ നാല് കേസുകളും കാസർകോട് ജില്ലയിലെ മൂന്ന് കേസുകളുമാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ നാല് കേസുകളിൽ പരാതിക്കാർ ഹാജരായി.