കാഞ്ഞങ്ങാട്: പെരിയയിൽ എയർ സ്ട്രിപ്പിന് കേന്ദ്ര സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ. ഇതിനാവശ്യമായ സ്ഥലവും അനുബന്ധ സംവിധാനവും ഒരുക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

25 മുതൽ 125 സീറ്റുകൾ വരെയുള്ള മിനി വിമാനങ്ങളാണ് പെരിയയിൽ നിന്നും മംഗലാപുരം, കണ്ണൂർ, തിരുവനന്തപുരം, മുംബയ് വിമാനതാവളങ്ങളിലേക്ക് പറക്കുക. ബേക്കൽ, റാണിപുരം വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചായി
രുന്നു ആദ്യഘട്ടത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ. പിന്നീട് പദ്ധതി പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലേക്ക് വിഭാവനം ചെയ്യുകയായിരുന്നു. മൂവായിരം രൂപയിൽ താഴെ വരുന്ന വിമാന നിരക്കിലുള്ള ദൂരങ്ങളിലേക്കാവും പെരിയയിൽ നിന്നും വിമാനം പറക്കുക.
പൊതുഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാലാണ് കഴിഞ്ഞ ദിവസം എയർ സ്ട്രിപ്പ് അനുമതി ലഭിച്ച വിവരം മന്ത്രി. ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയിൽ പെടുത്തിയത്.
ഹോസ്ദുർഗ് താലൂക്കിൽ പുല്ലൂർ പെരിയ പഞ്ചായത്തിൽ പെരിയ ടൗണിൽ നിന്ന് 7 കിലോമീറ്റർ ദൂരത്താണ് ചെറുവിമാനത്താവളത്തിന് ഭൂമി കണ്ടെത്തിയിട്ടുള്ളത്. ബേക്കൽ കോട്ടയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് വളരെ ഉപകാരപ്രദമാകുന്നതാണ് പദ്ധതി.