കാഞ്ഞങ്ങാട്: യു.കെയിലെ വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞു കോടികളുടെ തട്ടിപ്പ് നടത്തി പടന്നക്കാട്ടുനിന്നും മുങ്ങിയ കുടുംബത്തെ ബേക്കൽ പൊലീസ് മൈസൂരിൽ വച്ച് അറസ്റ്റു ചെയ്തു.
അനീസ് എന്ന ജോണ് ബെൻഹർ ഡിസൂസ,പടിൽ, പുത്തൂർ,കർണ്ണാടക, ഭാര്യ വീണ റോഡ്രിഗസ്, ബെൽത്തങ്ങാടി, കർണ്ണാടക.. സഹോദരൻ ഫ്രാൻസിസ് റോഡ്രിഗസ്, അച്ഛൻ ഡെന്നിസ് എന്നിവരെയാണ് മൈസൂരിൽ വിവി പുരം വൃന്ദാവൻ എന്ന സ്ഥലത്ത് വച്ച് ബേക്കൽ പോലീസ് ഇൻസ്‌പെക്ടർ പി. നാരായണന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർമാരായ പി. അജിത്ത് കുമാർ, ടി.വി. പ്രസന്ന കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി. പ്രസാദ്, സിവിൽ പൊലീസ് ഓഫീസർ കെ. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കൽ പൊലീസ് പ്രതികളെ പിടികൂടിയത്.പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

സമാന കേസുകൾ കർണാടകയിലും

ഇവർ 2017-18 വർഷങ്ങളിൽ പടന്നക്കാട്ടെ ഒരു വീട്ടിൽ താമസിച്ച് കാഞ്ഞങ്ങാട്, കണ്ണൂർ ഭാഗങ്ങളിലെ നിരവധി പേരിൽ നിന്ന് ലണ്ടൻ വിസ ശരിയാക്കാമെന്നു പറഞ്ഞ് ലക്ഷങ്ങളാണ് തട്ടിയെടുത്തത്. ഇവർക്കെതിരെ മംഗലാപുരം, ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ , എറണാകുളം ഭാഗങ്ങളിലും ലക്ഷങ്ങളുടെ തട്ടിപ്പ് പരാതികൾ നിലവിലുണ്ട്. മൈസൂർ വി.വി പുരം സ്റ്റേഷൻ പരിധിയിൽ ഈവർഷം 10 ഓളം പരാതികളിൽ നിന്നായി 20 ലക്ഷത്തിൽ പരം രൂപയുടെ തട്ടിപ്പും നടത്തിയിട്ടുണ്ട്.