പാനൂർ:വടകര എം പി, കെ മുരളീധരൻ റെയിൽവെ മന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിച്ചു. തലശ്ശേരി, വടകര, കൊയിലാണ്ടി റെയിൽവെ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ നിവേദനം നൽകി. പ്രഖ്യാപിച്ച പ്രവൃത്തികൾ പോലും ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം മൂലം മന്ദഗതിയിലാണെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ചില ദീർഘ ദൂര ടെയിനുകൾക്ക് തലശ്ശേരി, വടകര റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും മംഗലാപുരം കോയമ്പത്തൂർ , എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ്സ് ട്രെയിനുകൾ, നേത്രാവതി എക്‌സ്പ്രസ്സ് എന്നിവയ്ക്ക് കൊയിലാണ്ടി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു. കോട്ടക്കടവിൽ മേൽപ്പാലം പണിയാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ നിർദ്ദേശം ഉടൻ ഉണ്ടാകണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. ജനറൽ മാനേജറുടെ യോഗത്തിൽ സമർപ്പിച്ച ശിപാർശകൾ പരിശോധിച്ച് അടിയന്തിരനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിച്ചു.
അപേക്ഷ ക്ഷണിച്ചു
തലശ്ശേരി: കോളജ് ഓഫ് എൻജിനീയറിംഗ് തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തുന്ന ഗവ: അംഗീകൃത സർട്ടിഫിക്കറ്റോടു കൂടിയ സിവിൽ ഓട്ടോ കാർഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ. ടി. ഐ ,ഡിപ്ലോമ ,ബി.ടെക് യോഗ്യത വേണം. ഫോൺ: 9846574238.
കണ്ടങ്കാളി സമരം
ഭൂമി മലിനമാക്കുന്ന വികസനം അനുവദിക്കരുത്:
ഗാന്ധിയൻ എസ്.എൻ. സുബ്ബറാവു
പയ്യന്നൂർ: പെട്രോളിയം പോലുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇനിയും തുടർന്നാൽ ജീവന്റെ നിലനില്പ് തന്നെ ഇല്ലാതാകുമെന്ന് ലോകം തിരിച്ചറിയുമ്പോൾ കൃഷിഭൂമിയും ജലാശയങ്ങളും ഇല്ലാതാക്കി പെട്രോളിയം സംഭരണ പദ്ധതി കൊണ്ടുവരാൻ അനുവദിക്കരുതെന്ന് പ്രമുഖ ഗാന്ധിയൻ എസ്.എൻ. സുബ്ബറാവു പറഞ്ഞു. ഗാന്ധിയൻ വികസന സമീപനം സ്വീകരിക്കുകയാണ് നമുക്കുള്ള പോംവഴി. കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ സമരപ്പന്തൽ സന്ദർശിച്ചു.ഗാന്ധി സ്മാരക നിധി സംസ്ഥാന ചെയർമാൻ എൻ.രാധാകൃഷ്ണൻ , സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, പ്രൊഫ: മുഹമ്മദ് അഹമ്മദ്, കോൺഗ്രസ് നേതാവ് മാർട്ടിൻ ജോർജ് എന്നിവർ സത്യഗ്രഹ സമരത്തെ അഭിവാദ്യം ചെയ്തു.
നെൽവയലും തണ്ണീർത്തടവും നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നവമ്പർ ഒന്നിന് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം 43ാം ദിവസത്തേക്ക് കടന്നു.
കണ്ടങ്കാളിസമരപന്തലിൽ എസ്.എൻ.സുബ്ബറാവു സംസാരിക്കുന്നു
സൗജന്യ ആയുർവ്വേദ ചികിത്സാക്യാമ്പ് 15 ന്
തലശ്ശേരി: എം.എസ്.എസ്, ഗുരുക്കൾ സ് ആയുർവ്വേദ ചികിത്സാലയം എന്നിവ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ആയുർവ്വേദ ചികിത്സാ കേമ്പ് 15ന് കാലത്ത് 9 മണിക്ക് എം.എസ്.എസ്.കുട്ട്യാമു സെന്ററിൽ ഡിവൈ.എസ്.പി.കെ.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും .ഒടിവ്, ചതവ്, നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, സ്ത്രീജന്യ രോഗങ്ങൾ എന്നിവക്ക് വിദഗ്ധ ഡോക്ടർമാർ ചികിത്സ നിർണ്ണയിക്കും.
ഇന്ന്
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ :സീനിയർ സിറ്റിസൺസ് യോഗം:വൈകിട്ട് 3ന്
പുഷ്‌പോത്സവം കാൽനാട്ട് കർമ്മം
തളിപ്പറമ്പ്: തളിപ്പറമ്പ് പുഷ്‌പോൽസവ്2019 പന്തൽ കാൽനാട്ടു കർമ്മം ചിറവക്കിലെ പുഷ്‌പോൽസവ് നഗരിയിൽ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്‌നകുമാർ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ആനപ്പള്ളി ഗോപാലൻ പ്രസംഗിച്ചു.
ചന്ദനമരമോഷ്ടാവ് റിമാൻഡിൽ
തളിപ്പറമ്പ്:പുറമ്പോക്ക് ഭൂമിയിലെ ചന്ദനമരം മുറിച്ച് കടത്തുന്നതിനിടയിൽ പിടിയിലായ കുറുമാത്തൂർ ഈയ്യൂരിലെ കാനിച്ചേരിയൻ വീട്ടിൽ കെ.രാഘവനെ(65) തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി.ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ഈയാളെ അറസ്റ്റ് ചെയ്തത്
ഇയാളിൽ നിന്ന് 20,000 രൂപ വില വരുന്ന 13 കഷണം ചന്ദനം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം
ഉച്ചക്ക് ശേഷം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈയ്യൂർ സിദ്ധാശ്രമത്തിന് സമീപത്ത് നടത്തിയ തിരച്ചിലിനിടയിലാണ് ഇയാൾ പിടിയിലായത്.
കാൻസർ നിർണ്ണയ ക്യാമ്പ്
തലശ്ശേരി: വ്യാപാരി വ്യവസായ ഏകോപനസമിതി തലശ്ശേരി യൂണിറ്റ് വനിത വിംഗ് , മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 14ന് രാവിലെ എട്ടിന് തലശ്ശേരി സേക്രട്ട്ഹാർട്ട് കോൺവെന്റ് സ്‌കൂളിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പും
ബോധവത്കരണവും സംഘടിപ്പിക്കും. 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് പങ്കെടുക്കേണ്ടത്. 11 മണി വരെ ക്യാമ്പ് നീണ്ടു നിൽക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പ്രഭാവതി രാജഗോപാൽ, ജനറൽ കൺവീനർ ഫാത്തിമ അബു, ജസി രാഗേഷ്, നിഷ പ്രസാദ്, ലിസി സക്കറിയ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ,ജവാദ്അഹമ്മദ്, ജനറൽ സെക്രട്ടറി സാക്കിർ കാത്താണ്ടി എന്നിവർ പങ്കെടുത്തു.
മാഹി ലബുർദൊനെ കോളജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച് കായക്കണ്ടി ജനുമാസ്റ്റരെ പ്രസിഡന്റ് കൊല്ലാർകണ്ടി പവിത്രൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു
സഹപാഠി വാർഷിക സമ്മേളനം 15 ന്
മാഹി: ചാലക്കര ഉസ്മാൻ ഗവ: ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ വാർഷിക സമ്മേളനം ഡിസമ്പർ 15ന് വൈ: 3 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സെക്രട്ടറി കെ.പവിത്രൻ അറിയിച്ചു.
പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്ന പെരുങ്കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ്
കൺവെൻഷനും സെമിനാറും
തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ തലശ്ശേരി ബസ് ഉടമകളുടെ ജില്ല തല കൺവെൻഷനും കുടുംബസംഗമവും സെമിനാറും 27 ന് കാലത്ത് 9.30 ന് തലശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന കൺവെൻഷൻ ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.മുരളീധരൻ എം.പി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. മുൻ മന്ത്രി കെ. പി.മോഹനൻ സെമിനാർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് കെ.വേലായുധൻ അദ്ധ്യക്ഷത വഹിക്കും.
സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
തലശ്ശേരി കണാരി മാസ്റ്റർ എന്റോവ്‌മെന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോളേജുകളിൽ ഉപരിപഠനം നടത്തുന്ന സമർത്ഥരും സാമ്പത്തിക പരാധീനത ഉള്ളവരുമായ തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം സ്‌കൂളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2020 ജനുവരി 16 നകം നേരിട്ട് സ്‌കൂളിൽ എത്തിക്കണം.
വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് വ്യാജവാർത്ത
പൊലീസിനെ വീണ്ടും വലച്ച് സോഷ്യൽ മീഡിയ
തലശ്ശേരി :പരീക്ഷയെഴുതാൻ പോന്നു കയായിരുന്നന വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ പരന്ന വാർത്ത നാടിനെയും പൊലീസിനെയും പരിഭ്രാന്തിയിലും ആശങ്കയിലുമാഴ്ത്തി. വടക്കുമ്പാട് പുതിയ റോഡിനടുത്ത് വച്ച് സ്‌കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ചെന്നായിരുന്നു വാർത്ത .
ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി സ്ത്രീശബ്ദത്തിലുള്ള ശബ്ദസന്ദേശമാണ് പരന്നത്. പരീക്ഷയ്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയ മമ്പറം സ്കൂൾ വിദ്യാർത്ഥിയെ വഴിയിൽ വച്ച് അപരിചിതൻ കടന്ന് പിടിച്ച് വാ പൊത്തി തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നും ഇയാളുടെ കൈയിൽ കടിച്ച് പിടി വിടുവിച്ച് രക്ഷപ്പെട്ടുവെന്നുമായിരുന്നു പ്രചരണം. ഈ സമയത്ത് വന്ന ഒരു ഇരുചക്രവാഹനത്തിൽ അന്യസംസ്ഥാനക്കാരനെന്ന് കരുതുന്ന അപരിചിതൻ സ്ഥലം വിട്ടുവെന്നും സന്ദേശത്തിലുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ധർമ്മടം പൊലീസ് സംഭവം സത്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു. സംഭവം നടന്നതായി സ്ഥലത്തെ സി.സി.ടി.വിയിൽ പരിഭ്രമമൊന്നുമില്ലാതെ കുട്ടി നടന്നുപോകുന്ന ദൃശ്യവും പൊലീസ് കണ്ടെത്തി.
ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെ മറ്റൊരു ജില്ലയിൽ കുട്ടി ആത്മഹത്യ സംഭവത്തെ തലശ്ശേരിയിൽ നടന്നതെന്ന് കാട്ടി സോഷ്യൽമീഡിയയിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. പാലയാട് ചിറക്കുനിയിൽ ഒരു തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്ന വ്യാജവാർത്ത വന്നത് കഴിഞ്ഞ ദിവസമായിരുന്നു.
കാറമേൽ മുച്ചിലോട്ട് ;കളിയാട്ടീ ഏൽപ്പിക്കൽ ചടങ്ങ് നടന്നു
പയ്യന്നൂർ: കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പതിനാല് സംവത്സരങ്ങൾക്ക് ശേഷം
ഫിബ്രവരി 6 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് മന്നോടിയായി ക്ഷേത്ര മതിൽക്കെട്ടിനകത്ത് നടക്കുന്ന ആദ്യ പ്രധാന ചടങ്ങായ കളിയാട്ടമേൽപ്പിക്കൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു. അരങ്ങിൽ അടിയന്തിരത്തിന് ശേഷം മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരുഷനായ കോമരവും ക്ഷേത്രം കോയ്മയും ചേർന്ന് , സംഘാടക സമിതി ചെയർമാനായ വി.എം.ദാമോദരന് മൂല ഭണ്ഡാരം ഏൽപ്പിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഇ ഭാസ്‌കരൻ , പി വി ഗോപി, വി സി നാരായണൻ, എ മോഹനൻ, എം വി ബാലഗോപാലൻ തുടങ്ങിയവരും
വിവിധ ക്ഷേത്രങ്ങളിൽ നിന്നെത്തിയ ആചാരക്കാരും വാല്യക്കാരും നൂറുകണക്കിന് ഭക്ത ജനങ്ങളും സംബന്ധിച്ചു. തുടർന്ന് അന്നദാനവും നടന്നു.
പെരുങ്കളിയാട്ടം ആരംഭിക്കുന്നതിന് മന്നോടിയായി ഡിസമ്പർ 20ന് കുവ്വം അളക്കൽ ചടങ്ങും 22നു രാവിലെ 10.30നും 12നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ നിലംപണിയും ആരംഭിക്കും. പിന്നീടുള്ള ദിവസങ്ങളിൽ നാലിലപ്പന്തൽ, കന്നിക്കലവറ, ഭക്ഷണശാല, വിവിധ സബ് കമ്മറ്റി ഓഫീസുകൾ, കലാസാംസ്‌കാരിക പരിപാടികൾക്കുള്ള സ്‌റ്റേജ് തുടങ്ങിയവ ഒരുക്കും.ഡിസീമ്പർ 25 ന് പാലക്ക് കുറിയിടൽ ചടങ്ങും 29 ന് കന്നി കലവറക്ക് കുറ്റിയടിക്കൽ ചടങ്ങും നടക്കും.ജനുവരി 31നാണ് സുപ്രധാന ചടങ്ങായ വരച്ചുവെക്കൽ നടക്കുക. കോലധാരിയെ നിശ്ചയിക്കുന്നതും ദേവിയുടെ തിരുമാംഗല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും ദൈവജ്ഞന്മാർ പ്രശ്‌ന ചിന്ത നടത്തി തീരുമാനിക്കുന്ന ചടങ്ങാണിത്. വരച്ചു വെക്കലിനു ശേഷം ഏഴാം ദിവസത്തോടുകൂടി പെരുങ്കളിയാട്ടത്തിന് തുടക്കമാകും.
സഹപാഠി വാർഷിക സമ്മേളനം 15 ന്
മാഹി: ചാലക്കര ഉസ്മാൻ ഗവ: ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ വാർഷിക സമ്മേളനം ഡിസമ്പർ 15ന് വൈ: 3 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സിക്രട്ടരി കെ.പവിത്രൻ മാസ്റ്റർ അറിയിച്ചു.
വി.എസ്.ശാലിക്ക് ഡോക്ടറേറ്റ്
തലശ്ശേരി: 'കേരളത്തിലെ ഗോത്രവർഗ്ഗക്കാരുടെ ഉൽപ്പന്നങ്ങളുടെ വിപണനവും, വിപണന സാദ്ധ്യതയും ' എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ വി.എസ്.ശാലിക്ക് കണ്ണൂർ സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. ഡോ: കെ.വി.പവിത്രന്റെ കീഴിലാണ് ഗവേഷണം നടത്തിയത്.തൃശൂർ കരുവന്നൂർ വിളക്കപ്പാടി ശിവരാമന്റേയും, കൃഷ്ണമ്മ ടീച്ചറുടേയും മകളാണ്. കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ ഡോ: എം.എസ്.മഹേന്ദ്രകുമാറിന്റെ ഭാര്യയാണ്.
അൻവിത പ്രവീൺ സൂപ്പർ ചാമ്പ്യൻ
മാഹി: ഗ്ലോബൽ അസോസിയേഷൻ ഓഫ് ജാപ്പാനീസ് സൊറോബിൻ ആന്റ് മെന്റൽ അറത് മേറ്റിക് അസോസിയേഷൻ ദുബായിൽ നടത്തിയ അന്തർദ്ദേശീയ മത്സരത്തിൽ മാഹി എക്‌സൽ പബ്‌ളിക് സ്‌കൂളിന് ഉജ്വല വിജയം 40 രാജ്യങ്ങളിൽ നിന്നുള്ള 800 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എൽ.പി.വിഭാഗത്തിൽ എക്‌സലിലെ അൻവിത പ്രവീൺ സൂപ്പർ ചാമ്പ്യനായി. അങ്കിത് പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പന്നോലിലെ പ്രവീൺ നാരായണൻ മഞ്ജുഷ ദമ്പതികളുടെ മക്കളാണ് ഇരുവരും.
മെഡിക്കൊ ലീഗൽ ക്യാമ്പ്
തലശ്ശേരി: കണ്ണൂർ ജില്ല ലീഗൽ സർവീസസ് അതോറിറ്റിയും തലശ്ശേരി വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബും സംയുക്തമായി താലൂക്കിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി 15ന് കാലത്ത് പത്തിന് ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ മെഡിക്കോ ലീഗൽ ക്യാമ്പ് നടത്തും. സർക്കാരിൽ നിന്നും ലഭിക്കേണ്ടുന്ന വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ ക്യാമ്പിൽ പരിഗണിക്കും. റേഷൻ കാർഡ്, ആധാർ' സ്‌കൂൾ സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവയുമായി ഗുണഭോക്താക്കൾ എത്തണം. വാർത്താ സമ്മേളനത്തിൽ സബ് ജഡ്ജ് സി.സുരേഷ് കുമാർ, വിജിലൻസ് കമ്മീഷണർ സ്‌പെഷ്യൽ ജഡ്ജ് കെ.കെ.ബാലകൃഷ്ണൻ, ഡോ.ഉസീബ് ഉമ്മലിൽ, പി.കെ.സുബൈർ എന്നിവർ സംബന്ധിച്ചു.
തെരുവ് കച്ചവടക്കാരുടെ തൊഴിൽ സംരക്ഷിക്കണം
പയ്യന്നൂർ: തെരുവ് കച്ചവടക്കാരുടെ തൊഴിൽ സംരക്ഷിക്കാൻ നിയമം നടപ്പിലാക്കണമെന്നും മുഴുവൻ കച്ചവടക്കാർക്കും ഐ .ഡി . കാർഡ് നൽകണമെന്നും വഴിയോര കച്ചവട തൊഴിലാളി യൂനിയൻ സി.ഐ.ടി.യു പയ്യന്നൂർ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ട്രേഡ് യൂണിയൻ സെന്ററിൽ പി.വി.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജില്ല സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.വി.കെ.ബാബുരാജ്, എൻ.കൃഷ്ണൻ,കെ.വി.ബാബു സംസാരിച്ചു.
വഴിയോര കച്ചവട തൊഴിലാളി യൂനിയൻ സി.ഐ.ടി.യു പയ്യന്നൂർ ഏരിയ സമ്മേളനം ജില്ല സെക്രട്ടറി അരക്കൻ
ബാലൻ ഉദ്ഘാടനം ചെയ്യുന്നു
കർണാടക വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ദമ്പതികളുടെ ഹരജി ഇന്ന് പരിഗണിക്കും
ഇരിട്ടി: മരം മുറിച്ചെന്നാരോപിച്ച് കർണാടക വനംവകുപ്പ് പിടിച്ച്‌കൊണ്ട് പോയി ജയിലടച്ച ദമ്പതികളുടെ ഹർജി കർണാടക കോടതി ഇന്ന് പരിഗണിക്കും ചൊവ്വാഴ്ചയാണ് കേരളത്തിലെ റവന്യം ഭൂമിയിൽ 30 വർഷക്കാലം താമസിച്ചുവരികയായിരുന്ന ബാബൂ മാട്ടുമ്മൽ, ഭാര്യ സൗമിനി എന്നിവരെ വീട്ടുവളപ്പിൽ നട്ടുവളർത്തിയ മരം മുറിച്ചതിന്റെ പേരിൽ ജയിൽ അടച്ചത്.
കഴിഞ്ഞ വെള്ളപൊക്കത്തിൽ ഇവർ താമസിച്ച വീട് അപകടത്തിലായത്തിനെ തുടർന്ന് ഇവർ വാടകവീട്ടിലേക്ക് മാറി താമസിച്ചുവരികയായിരുന്നു. കേരളത്തിന്റെ റവന്യുഭൂമിയിലെ മരം മുറിച്ചത്തിന്റെ പേരിൽ കർണാടവനം വകുപ്പ് ക്കാർ പിടിച്ച് കൊണ്ട് പോയി ജയിൽ അടച്ചത്തിന് എതിരായി കേരള കർണാടക അതിർത്തി മേഖലയിൽ ജനരോക്ഷം പുകയുകയാണ്.അതിർത്തി മേഖലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കർണാടക മനപൂർവം പ്രകോപനമുണ്ടാക്കുകയാണെന്നും ആരോപണമുണ്ട്.