കൂത്തുപറമ്പ്:കൊലക്കേസിൽ പ്രതിയായിരിക്കെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. ബംഗാളിലെ ബൽഗാച്ചിയ സ്വദേശി മുഹമ്മദ് ആസാദിനെയാണ് ബംഗാളിലെത്തി അറസ്റ്റ് ചെയ്തത്. 2013 ൽ കൂത്തുപറമ്പ് നരവൂർ റോഡിലെ ചാക്ക് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ആറു വർഷമായി ബംഗാളിലെ രാജഹാട്ടു പൊലീസ് സ്റ്റേഷൻ പരിധിയിലെ രായഗാച്ചി മേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു മുഹമ്മദ് ആസാദ്.

കൂത്തുപറമ്പ് സി ഐ എം.പി. ആസാദ്, സിഐ സ്ക്വാഡ് അംഗങ്ങളായ അസി.സബ് ഇൻസ്പെക്ടർ അനിൽകുമാർ ,സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധി.കെ.എ. എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. 24 ഫർഗാന ജില്ലയിലെ ബാര്സത് സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി കൂത്തുപറമ്പ് പൊലീസിന് വിട്ടുനൽകുകയായിരുന്നു. പ്രതിയെയും കൊണ്ട് നാട്ടിലേക്ക് തിരിച്ച പൊലീസ് അടുത്ത ദിവസം തലശ്ശേരി അഡിഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കും.