വടേശ്വരം മഹാശിവക്ഷേത്രത്തിൽ
ഭാഗവത സപ്താഹം നാളെ മുതൽ

അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് നാളെ തുടക്കമാകും. പാലക്കാട് തപോവനം ചിന്മയാ മിഷനിലെ സ്വാമി അശേഷാനന്ദജി മഹാരാജ് ആണ് യജ്ഞാചാര്യൻ.

നാളെ വൈകുന്നേരം 4ന് കീച്ചേരിക്കുന്ന് കേന്ദ്രീകരിച്ച് ആചാര്യന്മാരെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്ന് ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥജി മഹാരാജ് ഭദ്രദീപം തെളിയിക്കും. അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി അമൃതകൃപാനന്ദപുരിയും ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാടും അനുഗ്രഹഭാഷണം നടത്തും. ദീപാരാധനയ്ക്കുശേഷം യജ്ഞാചാര്യന്റെ മാഹാത്മ്യപ്രഭാഷണം.

23 ന് രാവിലെ മുതൽ ദിവസവും ഗണപതിഹോമം, വിഷ്ണുസഹസ്രനാമം തുടർന്ന് ഭാഗവതപാരായണം, പ്രഭാഷണം എന്നിവയുണ്ടാകും. അനുബന്ധപരിപാടിയായി 23 ന് വൈകുന്നേരം 6.30ന് വടുകുന്ദേശ്വർ ഭജൻ സമിതിയുടെ ഭജനോത്സവം, 24ന് അനഘ രാജിവന്റെ സംഗീതാരാധന, 25ന് വിദ്യാഗോപാലമന്ത്രാർച്ചന, 26ന് സുമപ്രമോദും ഗീത പദ്മനാഭന്റെയും സംഗീതാരാധന, 27ന് സ്നേഹ ചന്ദ്രശേഖരന്റെ സംഗീതാരാധന, 28ന് കണ്ണൂർ ആർട്ട് ഓഫ് ലിവിംഗിന്റെ ഭജനോത്സവം എന്നിവ ഒരുക്കിയിട്ടുണ്ട്.

29ന് അവഭൃഥസ്‌നാനം, യജ്ഞസമർപ്പണം തുടങ്ങിയ ചടങ്ങുകളോടെ സപ്താഹജ്ഞാന യജ്ഞം സമാപിക്കും.