
കണ്ണൂർ: കേരള ബാങ്ക് രൂപീകരണത്തിനായി പി.എസ്.സി നിയമനങ്ങൾക്ക് അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയ സർക്കാറിന് തിരിച്ചടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മലപ്പുറം ജില്ലയിലെ മുപ്പതും എറണാകുളം ജില്ലയിലെ ഇരുപത്തിരണ്ടും ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.
ജില്ലാ ബാങ്കുകളിൽ നിയമന നിരോധനം ഏർപ്പെടുത്തിയെന്ന് കാണിച്ച് ക്ലർക്ക്, കാഷ്യർ പി.എസ്.സി റാങ്ക് ജേതാക്കൾ സമർപ്പിച്ച ഹർജയിലാണ് ഉത്തരവ്. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലെ ഹർജികൾ പരിഗണിക്കുമ്പോൾ സമാനമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റാങ്ക് ജേതാക്കൾ. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കഴിഞ്ഞ ഒമ്പതിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതിന് മുമ്പ് കഴിഞ്ഞ നവംബർ ഏഴിന് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൽ 73 ഒഴിവുകൾ രണ്ടാഴ്ചക്കുള്ളിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ ഈ വിധി നടപ്പാക്കാതെ പുന:പരിശോധനാ ഹർജി സമർപ്പിക്കുകയായിരുന്നു . ഹൈക്കോടതിയുടെ അന്തിമ വിധിക്കനുസൃതമായി നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം, എറണാകുളം ജില്ലകളിലെ റാങ്ക് ജേതാക്കൾ.
2016 ൽ നിലവിൽ വന്ന ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് ,കാഷ്യർ റാങ്ക് പട്ടികയിൽ 6000 പേരാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ കാലാവധി ഈ ജനുവരിയിൽ അവസാനിക്കാനിരിക്കെ അഞ്ഞൂറിൽ താഴെ ആളുകൾക്ക് മാത്രമാണ് നിയമനം നൽകിയിട്ടുള്ളത്. 2 010 നിലവിലുണ്ടായിരുന്ന ലിസ്റ്റിൽ നിന്ന് 1500 പേർക്ക് പേർക്ക് നിയമനം ലഭിച്ചിരുന്നു. 2016 ൽ പുതിയ ലിസ്റ്റ് നിലവിൽ വന്നപ്പോൾ ഇതിൽ കൂടുതൽ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാർത്ഥികൾ. പി.എസ്.സി നിയമനം നടത്താത്തതിനെതിരെ പത്തോളം ഹർജികൾ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.