വയറുവേദന, തലവേദന, ക്ഷീണം, ശക്തമായ പനി (103 ഡിഗ്രിയിൽ കൂടുതൽ), വയറിളക്കം, ഛർദ്ദി തുടങ്ങിയവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങൾ. പനി ഏറിയും കുറഞ്ഞുമിരിക്കും. സാൽമോണെല്ലാ ടൈഫി എന്ന ബാക്ടീരിയയാണ് രോഗകാരി. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുക. ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളും രോഗം പടർത്താം.
മലിനഭക്ഷണത്തിലൂടെ വയറിലെത്തുന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുകയും പിത്താശയം, കരൾ, സ്പ്‌ളീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്നു. പനിവന്ന് ഒരാഴ്ചയ്ക്കുള്ളിൽ നടത്തുന്ന രക്തപരിശോധന, മല പരിശോധന എന്നിവയിലൂടെ ബാക്ടിരീയയുടെ സാന്നിദ്ധ്യം കണ്ടെത്താം. കുടലിൽ നിന്ന് രക്തംവാർന്നു പോകൽ, വൃക്ക തകരാർ, ആന്ത്രസ്തര വീക്കം തുടങ്ങിയവ അപകടകരമാണ്. വിദഗ്ധ ചികിത്സ ലഭിച്ചിട്ടില്ലെങ്കിൽ രോഗിയുടെ നില അപകടത്തിലാകും.
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുകയെന്നതാണ് രോഗത്തിനെതിരെയുള്ള മുൻകരുതലിൽ പ്രധാനം. അതുപോലെ ഭക്ഷണം പാകംചെയ്തു കഴിക്കുമ്പോഴും പുറത്ത് നിന്ന് കഴിക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക, പാലും പാലുൽപ്പങ്ങളും നല്ലപോലെ ചൂടാക്കിയോ വൃത്തിയായോ ഉപയോഗിക്കുക, വൃത്തിയായി തയ്യാറാക്കാത്ത നാരങ്ങാവെള്ളം, ഐസ്‌ക്രീം, മറ്റു പാലുല്പങ്ങൾ എന്നിവ ഒഴിവാക്കുക. കുടിവെള്ളം ഇടക്കിടെ ബ്ളീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തുക, ഭക്ഷണത്തിന് മുമ്പ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മലമൂത്ര വിസർജ്ജനം കക്കൂസുകളിൽ മാത്രമാക്കുക എന്നിവ ശ്രദ്ധിക്കണം. അസുഖം മാറിയാലും ചിലരുടെ മലത്തിലൂടെ ബാക്ടീരിയകൾ പുറത്തുവരാനിടയുണ്ട്.
ഡോ. ഇറിന എസ്. ചന്ദ്രൻ
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട,
തളിപ്പറമ്പ്
ഫോൺ 9544657767.