കാഞ്ഞങ്ങാട്: പുല്ലൂർ-പെരിയ പഞ്ചായത്തിലെ പെരിയയിൽ പ്രഖ്യാപിച്ചിരിക്കുന്ന ചെറുവിമാനത്താവളത്തിന്റെ പിതൃത്വത്തെച്ചൊല്ലി തർക്കം രൂക്ഷം. കേന്ദ്ര വ്യോമയാന മന്ത്രി കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വിവരം സംസ്ഥാന റവന്യുമന്ത്രിയെ അറിയിച്ചത്. എന്നാൽ അതിനിടയിൽ ലോക്‌സഭയിലെ പുതുഅംഗമായി രാജ് മോഹൻ ഉണ്ണിത്താൻ സമൂഹമാധ്യമങ്ങളിലൂടെ അവകാശവാദം ഉന്നയിച്ചതാണ് ചർച്ചയാകുന്നത്.
യഥാർത്ഥത്തിൽ ഈ എയർസ്ട്രിപ്പ് പദ്ധതി 2006 മുതൽ ചർച്ച ചെയ്തുവരുന്നതാണ്. അന്നത്തെ ബി.ആർ.ഡി.സി എം.ഡി ഷാജി മാധവനാണ് ടൂറിസത്തിന്റെ വളർച്ചയ്ക്കുതകുന്ന ചെറുവിമാനത്താവള പദ്ധതി അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. ബേക്കൽ കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് റാണിപുരം ഉൾപ്പെടെ കാണാൻ സൗകര്യപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. ആ പദ്ധതിയാണ് ഒരു പതിറ്റാണ്ട് കഴിഞ്ഞ് വീണ്ടും ചർച്ചയാകുന്നത്. ചെറുവിമാനത്താവളം പദ്ധതി തന്റെ തിരഞ്ഞെടുപ്പ് പ്രചരണ വാഗ്ദാനങ്ങളിൽ ഒന്നാണെന്നാണ് ഉണ്ണിത്താൻ പറയുന്നത്. അതേസമയം കഴിഞ്ഞ പത്തു വർഷമായി ഉദുമ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ. കുഞ്ഞിരാമൻ ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല.