മട്ടന്നൂർ:മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിന് വാർഡ് ശുചിത്വസമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ നഗരസഭാ ആരോഗ്യവിഭാഗവും പൊതുജനാരോഗ്യവിഭാഗവും സംയുക്തമായി ചേർന്ന യോഗത്തിൽ തീരുമാനമായി. ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ആശാപ്രവർത്തകർ ഹരിതകർമ സേനാംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ കൂട്ടായി പ്രവർത്തിക്കും.
നിയമവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നവരെ നിയന്ത്രിക്കാൻ വാർഡുതല ശുചിത്വസമിതികൾ ഇടപെടും.വാർഡ് കൗൺസിലർ ചെയർമാനും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് നഴ്‌സ് കൺവീനറുമായാണ് ശുചിത്വസമിതികൾ പ്രവർത്തിക്കുക. ഹരിത സഹായ സ്ഥാപനമായ നിറവിന്റെ പിന്തുണയും പ്രവർത്തനങ്ങൾക്കുണ്ടാകും. മാലിന്യം തള്ളുന്നവർക്കെതിരേ കർശന നിയമനടപടികളും സ്വീകരിക്കും.
യോഗത്തിൽ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ എം.റോജ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ.അനീഷ് പദ്ധതി വിശദീകരിച്ചു. സി.ഡി.എസ്. ചെയർപേഴ്‌സൺ പി.രേഖ, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാഗേഷ് പാലേരിവീട്ടിൽ, കെ.സുരേന്ദ്രൻ, നിറവ് ഡയറക്ടർ ബാബു പറമ്പത്ത്, കൗൺസിലർ കെ.മജീദ്, ശാന്താ രാജൻ എന്നിവർ പ്രസംഗിച്ചു.