life-mission

കണ്ണൂർ: പാവങ്ങൾക്ക് വീടൊരുക്കാൻ സർക്കാർ കൊണ്ടുവന്ന ലൈഫ് മിഷൻ പദ്ധതിയെ കോർപ്പറേഷനുകൾ ഞെക്കിക്കൊല്ലുന്നു. ഒരു കോർപ്പറേഷനും ഇത് ഗൗരവമായി എടുക്കുന്നില്ല. പാവപ്പെട്ടവരുടെ കാര്യമല്ലേ ആർക്കാണ് താത്പര്യം എന്ന മട്ടായി. വീടും കാത്തിരിക്കുന്ന പാവങ്ങൾക്ക് ഇനി എന്നാണ് വീട് കിട്ടുക. ഇടതുപക്ഷം ഭരിക്കുന്ന കോർപ്പറേഷനുകളിൽ പോലും പദ്ധതിക്ക് ഉണർവില്ല.

ഭൂരഹിതർക്കും ഭവന രഹിതർക്കും വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയെയാണ് കോർപ്പറേഷനുകൾ തട്ടിക്കളിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോടും കൊല്ലത്തും പദ്ധതി ഉറങ്ങുകയാണ്. 2016 മുതൽ 15447 പേർ അപേക്ഷിച്ചവർക്ക് ഒരു വീട് പോലും കോഴിക്കോട് പൂർത്തീകരിച്ച് നൽകിയില്ല. അൽപ്പമെങ്കിലും ഭേദം തൃശൂർ, തിരുവനന്തപുരം കോർപ്പറേഷനുകളാണെന്ന് പറയാം.

പദ്ധതി മൂന്ന് ഘട്ടങ്ങളിൽ

മൂന്ന് ഘട്ടമായാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണവും രണ്ടാംഘട്ടത്തിൽ ഭൂമിയുണ്ടായിട്ടും ഭവനമൊരുക്കാനാവാത്തവർക്ക് ഭവന നിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിതർക്കായി ഭവനസമുച്ചയനിർമ്മാണവുമാണ് ലക്ഷ്യമിട്ടത്. എന്നാൽ, 2016 മുതലുള്ള കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ പദ്ധതിക്ക് ലൈഫും മിഷനുമില്ലാത്ത രീതിയായി. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിന് നൽകുന്ന ധനസഹായം 4 ലക്ഷമാണ്. ഇതിൽ നഗരസഭാ വിഹിതം 2 ലക്ഷവും സംസ്ഥാന സർക്കാർ അരലക്ഷവും കേന്ദ്ര സർക്കാർ വിഹിതം ഒന്നരലക്ഷവുമാണ്.

പൂർത്തിയാകാതിരിക്കാൻ മത്സരം

കൊല്ലം കോർപ്പറേഷനിൽ 2017-18 വർഷം മാത്രമാണ് ലൈഫ് മിഷനിൽ അപേക്ഷ സ്വീകരിച്ചത്. 18,000 അപേക്ഷകൾ ലഭിച്ചു. 2017-18 വർഷം 307 വീടുകളുടെയും 2018-19 വർഷം 861 വീടുകളുടെയും 2019-20 വർഷം 301 വീടുകളുടെയും പണി പൂർത്തിയാക്കി. ആകെ 18000ത്തിൽ 1469 വീടുകളുടെ പണിയാണ് പൂർത്തിയായത്. മാത്രമല്ല ഭവനസമുച്ചയത്തിന് ഭൂമി കണ്ടെത്താനുമായില്ല. കോഴിക്കോട് കോർപ്പറേഷനിൽ ഭവനസമുച്ചയം നിർമ്മിക്കാനുള്ള നടപടികൾ നടന്നുവരുന്നതേയുള്ളൂ. ഇതിനുള്ള സ്ഥലം കണ്ടെത്താനായിട്ടില്ലെന്നും പറയുന്നു.

കണ്ണൂർ അനങ്ങുന്നില്ല

കണ്ണൂർ കോർപ്പറേഷനിൽ 2017 മുതൽ 19വരെയുള്ള വർഷങ്ങളിൽ 1499 അപേക്ഷകൾ ലഭിച്ചതിൽ 6 വീടുകൾ മാത്രമേ പൂർത്തിയാക്കിയുള്ളൂ.

ലൈഫിൽ നിന്നും പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് മാറ്റിയ 44 ഗുണഭോക്താക്കളിൽ ആറുപേർക്കാണ് വീട് നിർമ്മിച്ചുനല്കിയത്. ഭവനസമുച്ചയത്തിനുള്ള ഭൂമി കണ്ണൂരിൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊച്ചി കോർപ്പറേഷനിൽ 2016 മുതൽ ലൈഫ് പദ്ധതിയിൽ 19,816 അപേക്ഷകളാണ് ലഭിച്ചത്. മൂന്ന് വീടുകളുടെ നിർമ്മാണം പൂർത്തിയായതായും 60 എണ്ണത്തിന്റെ പണി നടന്നുവരുന്നതായുമാണ് ഒൗദ്യോഗിക കണക്ക്.

അതേസമയം 1786 അപേക്ഷകൾ ലഭിച്ച തൃശൂരിൽ 1215 എണ്ണം പൂർത്തിയാക്കിയെന്നാണ് പറയുന്നത്. തൃശൂരിൽ ഫ്ലാറ്റ് നിർമ്മിക്കാൻ 16.5 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഭൂമി പ്രശ്നം

തിരുവനന്തപുരം കോർപ്പറേഷനിൽ നാല് വർഷത്തിനിടെ പൂർത്തീകരിക്കാതിരുന്ന 3650 വീടുകളുടെ പണി പൂർത്തീകരിച്ചു. ഭൂമിയുള്ളവർക്ക് പതിനായിരത്തോളം വീടുകൾക്ക് അംഗീകാരം ലഭിച്ചു. ഇതിൽ 2200 വീടുകളാണ് പൂർത്തിയാക്കാനായതെന്ന് മുൻമേയറും എം.എൽ.എയുമായ വി.കെ പ്രശാന്ത് പറയുന്നു.

തിരുവനന്തപുരത്ത് പ്രശ്നം ഭൂമിയുടെ വിലയാണ്. സർക്കാർ പൊന്നും വിലയെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ വിലയ്ക്ക് ഭൂമി ലഭിക്കാത്തതാണ് ഫ്ലാറ്റും വീടും നിർമ്മിക്കാൻ പ്രതിസന്ധിയാകുന്നത്. ഇതോടെ വ്യക്തിഗതമായി ഭൂമി വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട്. ആയിരത്തോളം പേർ ലൈഫ് പദ്ധതിയുടെ പേരിൽ ഇത്തരത്തിൽ ഭൂമി വാങ്ങിയെന്നും പറയുന്നു.