കാസർകോട്: കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച കേസിൽ ഒരു പ്രതിയെ കൂടി മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. ഉളിക്കൽ അരിക്കൽ ഹൗസ് വെട്ടംകടയിലെ എം.പി. ജോയ് (43) ആണ് അറസ്റ്റിലായത്. ആറുമാസം മുമ്പ് മജിർപള്ള സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയുമായ അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.

കോളേജിലേക്കു പോകാൻ വേണ്ടി വീടിനു സമീപത്തു കൂടി സ്‌കൂട്ടറിൽ പോകുമ്പോൾ കാർ സ്‌കൂട്ടറിനു കുറുകെ ഇട്ട് അഞ്ചംഗ സംഘം സിദ്ധിഖിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ ചൊല്ലി ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘമാണ് തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. പണം നൽകിയതിന് ശേഷമാണ് സിദ്ധിഖിനെ വിട്ടയച്ചത്. ഈ കേസിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.