കാസർകോട് : അധ്യാപിക തല ചുമരിലിടിച്ച് പരിക്കേൽപ്പിച്ചുവെന്ന വിദ്യാർത്ഥിയുടെ പരാതിക്കു പിന്നാലെ വിദ്യാർത്ഥി തന്നെ തള്ളിയിട്ടതായി കാട്ടി അധ്യാപികയും മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. എന്നാൽ വിദ്യാർത്ഥിക്കെതിരെ കള്ളക്കേസെടുത്താൽ സ്‌കൂളിനെതിരെ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
രണ്ടുപരാതികളും സ്വീകരിച്ച മഞ്ചേശ്വരം പൊലീസ് നടപടി സ്വീകരിക്കാനാവാതെ കുഴങ്ങുകയാണ്. ഉപ്പളയിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മറ്റൊരു വിദ്യാർത്ഥിയെ ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലി അധ്യാപിക വിദ്യാർത്ഥിയെ മുടി പിടിച്ച് തല ചുമരിൽ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പൊലീസിൽ പരാതി ലഭിച്ചത്. ഇതേ തുടർന്ന് ഇന്നലെ പൊലീസ് സ്‌കൂളിലെത്തി സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അധ്യാപിക വിദ്യാർത്ഥിയെ തല്ലുന്ന ദൃശ്യവും അതിനിടെ വിദ്യാർത്ഥി അധ്യാപികയെ തള്ളിമാറ്റി രക്ഷപ്പെടുന്ന ദൃശ്യവും സി.സി.ടിവിയിൽ ഉള്ളതായാണ് അറിയുന്നത്. തന്നെ കൈ പിടിച്ച് വലിച്ചതായും തള്ളിയിട്ടതായും കാട്ടിയാണ് അധ്യാപിക പരാതി നൽകിയത്. അധ്യാപികയുടെ പരാതിക്കെതിരെ നാട്ടുകാർ പ്രതിഷേധം അറിയിച്ച് രംഗത്ത് വരികയായിരുന്നു