99 ലക്ഷം രൂപ
ചെലവിൽ ചിൽഡ്രൻസ് പാർക്ക്, സിമ്മിംഗ് പൂൾ, ആംഫിതിയേറ്റർ, ആയുർവ്വേദ സ്പാ സെന്റർ തുടങ്ങിയവ നിർമ്മിക്കാൻ
നിർമ്മിതികേന്ദ്രയെ ഏൽപ്പിച്ചു
റാണിപുരം: മലയോര മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം ഹിൽസ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ റാണിപുരം ഡി.ടി.പി.സി റിസോർട്ടിൽ യോഗം ചേർന്നു. ഇവിടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എടയ്ക്കാനം - റാണിപുരം കേബിൾ കാർ പദ്ധതിയുടെ ഭാഗമായ ഡി.പി.ആർ എത്രയും വേഗം സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. റാണിപുരം മേഖലയുടെ വികസന പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.
റാണിപുരം മേഖലയിൽ മൊബൈൽ റേഞ്ചോ,മെച്ചപ്പെട്ട ടെലഫോൺ സൗകര്യങ്ങളോ ലഭ്യമല്ലാത്തത് സഞ്ചാരികളെ വലക്കുന്നുണ്ട് . ഇതിന് ശാശ്വത പരിഹാരം കാണാൻ ബി.എസ്.എൻ എല്ലിനെയോ മറ്റ് പ്രൈവറ്റ് ഏജൻസികളുടെയോ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി മോഹനൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ, എ.ഡി.എം എൻ. ദേവിദാസ് , ഡി.ടി.പി.സി പ്രൊജക്ട് മാനേജർ പി. സുനിൽ കുമാർ, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവൻ, ഡി.എഫ്.ഒ, വനം ജീവി വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വേസ്റ്റ് മാനേജ്മെൻറിന് വനം വകുപ്പിന്റെ മാതൃക
റാണിപുരം റിസോർട്ട് മേഖലയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ. സഞ്ചാരികൾ ട്രക്കിംഗ് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഉപയോഗിച്ച പ്ലാസ്റ്റിക്, കുപ്പികൾ തുടങ്ങിയവ തിരിച്ചേൽപ്പിച്ചാൽ അടച്ചഫീസ് തിരികെ നൽകു വനം വകുപ്പിന്റെ മാതൃകയിൽ റിസോർട്ട് പരിസരത്ത് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ മാലിന്യ നിയന്ത്രണം ഏർപ്പെടുത്തും.
ഹോം സ്റ്റേ പ്രോത്സാഹിപ്പിക്കും
പനത്തടി പഞ്ചായത്തിൽ ഹോം സ്റ്റേ നടത്താൻ താല്പര്യമുള്ളവർക്ക് ഡി ടി പി സി യുടെ നേതൃത്വത്തിൽ പരിശീലനം നൽകും.മലയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ടൂറിസ്റ്റ് ഗൈഡ് പരിശീലനവും നൽകും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുന്നവർക്കായിരിക്കും പരിശീലനം നൽകുക.
യാത്രാസൗകര്യംകൂട്ടും
നിലവിൽ റാണിപുരത്തെത്താൻ ഒരു കെ.എസ്.ആർ.ടി.സി ബസാണുള്ളത്. ഇതുകൂടാതെ ബേക്കലിൽ നിന്ന് കാഞ്ഞങ്ങാട് വഴി റാണിപുരത്ത് എത്തുന്ന രീതിയിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ കൊണ്ടുവരും.