മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് അപ്രോച്ച് ലൈറ്റ് നിർമ്മിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അനുവദിച്ച പുനരധിവാസ ഭൂമിയിൽ രണ്ടു വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് പരാതി. നഗരസഭയിലെ കൊക്കയിലിലാണ് വായന്തോട്, പാറാപ്പൊയിൽ ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന 57 കുടുംബങ്ങൾക്ക് സ്ഥലം അനുവദിച്ചത്. ഇവിടേക്ക് എത്തിപ്പെടാനുള്ള റോഡ് പോലും ഇതുവരെയായി നിർമ്മിച്ചിട്ടില്ലെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ പറയുന്നു.
പുനരധിവാസ ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ വീടും സ്ഥലവും ഒഴിയില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. 2017 മെയ് മൂന്നിനാണ് ലൈറ്റ് അപ്രോച്ചിനായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലത്തിന്റെ വില നിശ്ചയിച്ച് നൽകിയത്. തുടർന്ന് നഗരസഭാ ഓഫീസിൽ വെച്ച് നറുക്കെടുപ്പിലൂടെ കൊക്കയിലിൽ പുനരധിവാസ ഭൂമിയും ഓരോരുത്തർക്കും നൽകി. രണ്ടു വർഷമായിട്ടും സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയില്ല. റോഡ് നിർമാണത്തിനായി 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് തുടർനടപടി ഉണ്ടായില്ലെന്ന് പ്രദേശത്തുകാർ പറയുന്നു.
11.6 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിന് കാറ്റഗറി വൺ അപ്രോച്ച് ലൈറ്റ് നിർമിക്കാൻ വേണ്ടി ഏറ്റെടുക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി കളക്ടർക്ക് ഉൾപ്പടെ പലതവണ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങുന്നത്.
കാറ്റഗറി വൺ അപ്രോച്ച് ലൈറ്റ് നിർമ്മിക്കാൻ വിട്ടുനൽകിയത് -11.6 ഏക്കർ
കുടിയൊഴിപ്പിക്കപ്പെട്ടത് -57 വീട്ടുകാർ