പുതിയതെരു: വാഹന പരിശോധനയ്ക്കിടെ പൊലീസുമായി വാക്കേറ്റവും പിടിവലിയും നടത്തിയതിന് നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചിറക്കൽ അത്താഴക്കുന്ന് സ്വദേശി ബത്തക്ക ഉണ്ണിന്റെ വളപ്പിൽ നിഷാദ്(18), കക്കാട് ആമീനാസിൽ യു.പി ഇർഷാദ് (19, ചാലാട് മണൽ നൂർമഹലിൽ കെ. നവാബ് (19), ചാലാട് മിഹിൻസിൽ കെ. മിൻഹാജ്(19) എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തത്.

വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിറക്കൽ പണ്ണേരിമുക്കിലാണ് ഇന്നലെ പകൽ പതിനൊന്നേ മുപ്പതോടെ സംഭവം നടന്നത്. പൊതുസ്ഥലത്ത് വെച്ച് പുകവലിച്ചുകൊണ്ടിരുന്ന വയോധികനെ പൊലീസ് ജീപ്പിനു സമീപത്തെക്ക് വിളിച്ചു വരുത്തി പിഴയടപ്പിക്കുന്നതിനിടയിൽ പൊലീസ് ജീപ്പ് റോഡിന് മധ്യത്തിൽ ഇട്ടതിന് യുവാവ് പൊലീസിനെ ചോദ്യം ചെയ്തതാണ് വാക്കു തർക്കത്തിലേക്കും ഉന്തും തള്ളിലേക്കുമെത്തിയത്. ഇതിനിടയിൽ കൂട്ടത്തിലൊരാൾ എസ്.ഐ.വിജേഷിനെ തള്ളിയിടുകയും, വീഴ്ചയിൽ വിജേഷിന് നിസാര പരിക്കേൽക്കുകയും ചെയ്തു.

എസ്.ഐ യോടൊപ്പം ഉണ്ടായിരുന്ന എ.എസ്.ഐ രാജേഷ്, സി.പി.ഒ ഗോപാലകൃഷ്ണൻ എന്നിവർ എസ്.ഐയെ ചോദ്യം ചെയ്ത യുവാവിനെ ബലമായി പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി. തുടർന്ന് യുവാവിനോടൊപ്പം വാക്കുതർക്കത്തിലേർപ്പെട്ട സുഹൃത്തുക്കളായ മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.