കാസർകോട്: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17ന് രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു.

ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടിസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവിൽ യാതൊരു സംഘടനയും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നൽകിയതായി കാണുന്നില്ല. ആയതിനാൽ മേൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്. മേൽ ദിവസം കാസർകോട് ജില്ലയിൽ ഹർത്താൽ നടത്തുകയോ , അനുകൂലിക്കുകയോ ചെയ്താൽ ആയതിന്റെ എല്ലാ കഷ്ട നഷ്ടങ്ങൾക്കും ഉത്തരവാദിത്വം പ്രസ്തുത സംഘനകളുടെ ജില്ലാ നേതാക്കൾക്കായിരിക്കുമെന്നും അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എസ് പി അറിയിച്ചു.

കൂടാതെ 17 ന് സംസ്ഥാന വ്യാപകമായി നഗരസഭ / പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും കൂടി പ്രസ്തുത നേതാക്കൾ ഉത്തരവാദികൾ ആയിരിക്കുമെന്നും കാസർകോട് പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി.