തൃക്കരിപ്പൂർ: 26 ന് നടക്കുന്ന വലയസൂര്യഗ്രഹണത്തെ വരവേൽക്കുന്നതിന് പൊതുവിദ്യാലയങ്ങൾ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള ചെറുവത്തൂർ ബി.ആർ.സി തല അധ്യാപക പരിശീലനം പൂർത്തിയായി. വലയസൂര്യഗ്രഹണ പൂർണമായും ദൃശ്യമാകുന്ന ലോകത്തെ പ്രധാനപ്പെട്ട നാലു കേന്ദ്രങ്ങളിലൊന്നാണ് ചെറുവത്തൂർ.
എന്താണ് ഗ്രഹണമെന്ന് വിശദീകരിക്കാനും ഗ്രഹണത്തെ സംബന്ധിച്ച് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുറന്നുകാട്ടാനും ബോധവൽക്കരണ ക്ലാസുകളും ഗ്രഹണ നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുമുള്ള പരിശീലനമാണ് നടന്നത്. ഗ്രഹണ നിരീക്ഷണത്തിനായി സൗരക്കണ്ണട, സൗരദർശിനി, പിൻ ഹോൾ കാമറ എന്നിവ നിർമിക്കാനും കുട്ടികളെ പങ്കെടുപ്പിച്ച് ശില്പശാലകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഗ്രഹണവുമായി ബന്ധപ്പെട്ട് വീഡിയോ, പത്രവാർത്തകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വലയസൂര്യഗ്രഹണത്തെ വരവേൽക്കുന്ന ഗ്രഹണോത്സവത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
ക്രിസ്മസ് അവധിക്കാലത്താണ് ഗ്രഹണം കടന്നുവരുന്നത് എന്നതിനാൽ കുട്ടികളെ അന്നേദിവസം ഗ്രഹണ സമയത്തിന് മുമ്പുതന്നെ വിദ്യാലയത്തിലെത്തിക്കാനും പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
ബി ആർ സി തല പരിശീലനം ചെറുവത്തൂർ ബി.പി.ഒ പി.വി ഉണ്ണിരാജൻ ഉദ്ഘാടനം ചെയ്തു. പി.വേണുഗോപാലൻ അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ കെ.എം ദിലീപ് കുമാർ മുഖ്യാതിഥിയായിരുന്നു. പ്രദീപ് കൊടക്കാട്, എൻ. ശ്രീഷ്മ, പി. വേണുഗോപാലൻ എന്നിവർ ക്ലാസെടുത്തു.