house-boat-1

കോട്ടപ്പുറം (കാസർകോട്): എട്ടുകോടി ചിലവിൽ സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെർമിനൽ പദ്ധതി എട്ടുമാസമായി നിയമക്കുരുക്കിൽ . പദ്ധതി ഏറ്റെടുക്കുന്നതിനായി ടെൻഡർ ചെയ്ത കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഈ വൻകിട ടൂറിസം പദ്ധതി പാതിവഴിയിലായത്.

മലനാട് റിവർ ക്രോസ് പദ്ധതിയുടെ ഭാഗമായാണ് ഇവിടെ ഈ ഹൗസ് ബോട്ട് ടെർമിനൽ സ്ഥാപിക്കുന്നത്. ഡി. ടി .പി. സിയുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണം പ്രാഥമികഘട്ടം തുടങ്ങിയിട്ടും ടെർമിനൽ സംബന്ധിച്ച് യാതൊരു നടപടിയുമായിട്ടില്ല.. കോട്ടപ്പുറം പാലത്തിനും സ്കൂളിനും ഇടയിലൂടെയുള്ള സ്ഥലത്തെ കൂടിയാണ് ഡി ടി പി സിയുടെ പാത നിർമ്മാണം നടക്കുന്നത്. ഡി ടി പി സി സെക്രട്ടറി ബിജു രാഘവൻ പാത നിർമ്മാണത്തിന്റെ പദ്ധതി തയ്യാറാക്കി സമർപ്പിച്ചത് . ഹൈക്കോടതിയെ സമീപിച്ച കരാറുകാരനുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ല.

അയോഗ്യതയുടെ പേരിൽ

ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതരാണ് പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. മൂന്ന് കരാറുകാരാണ് ടെൻഡറിൽ പങ്കെടുത്തത്. കരാർ ലഭിക്കാത്ത രണ്ടാം ടെൻഡർ സമർപ്പിച്ചയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് കോടി രൂപയുടെ നിർമ്മാണപദ്ധതി ഏറ്റെടുക്കാനുള്ള അവകാശം മാത്രമേ ഉള്ളുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈയാളുടെ ടെൻഡർ തള്ളിയത്. പത്തുകോടിയുടെ ടെൻഡറിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയത്. കേസും തർക്കങ്ങളും കാരണം പദ്ധതി അനിശ്ചിതമായി നീണ്ടു പോവുകയാണ്‌.

പദ്ധതിച്ചിലവ് ​-8 കോടി

നിലവിൽ സർവീസ് നടത്തുന്നത് 26 ബോട്ടുകൾ

ടെർമിനൽ 20 ബോട്ടുകൾക്ക്

പുഴയിൽ പലയിടത്തായാണ് ഇപ്പോൾ ഹൗസ് ബോട്ടുകൾ നിർത്തിയിടുന്നത്. ഇവയെല്ലാം ഒരേ സ്ഥലത്ത് നിർത്തിയിടാൻ കഴിഞ്ഞാൽ വിനോദ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ബോട്ടിൽ കയറാം.