മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡിലെ തെരുവുവിളക്കുകൾ ഇടയ്ക്കിടെ പ്രവർത്തന രഹിതമാകുന്നതായി പരാതി. വായന്തോട് മുതൽ വിമാനത്താവള കവാടമായ കല്ലേരിക്കര വരെ സ്ഥാപിച്ച വിളക്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ തെളിയുന്നുള്ളുവെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആരോപിക്കുന്നത്.
വലിയ പരാതികൾക്കും പ്രതിഷേധത്തിനും ശേഷമാണ് അഞ്ചു മാസം മുമ്പ് വിമാനത്താവള റോഡിലെ തെരുവുവിളക്കുകൾ പ്രകാശിച്ചു തുടങ്ങിയത്. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിന് മുമ്പു തന്നെ കിയാലിന്റ ഫണ്ടുപയോഗിച്ച് വിളക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയുടെ വൈദ്യുതി ചാർജ് വഹിക്കുന്നത് സംബന്ധിച്ച തർക്കം മൂലം കണക് ഷൻ വൈകിയാണ് ലഭിച്ചത്.
ഒടുവിൽ നഗരസഭ തന്നെ ബാദ്ധ്യത ഏറ്റെടുത്ത് വിളക്കുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു. വെളിച്ചം വന്നതോടെ ഈ റോഡിൽ അപകടങ്ങളും കുറഞ്ഞിരുന്നു. സാങ്കേതിക പ്രശ്നം മൂലമാണ് വിളക്കുകൾ ഇടവിട്ട് മാത്രം പ്രകാശിക്കുന്നതിന് പിന്നിലെന്നാണ് വിവരം.